ഫ്‌ലാറ്റില്‍ നിന്ന് ചാടി 15 കാരന്‍ മരിച്ച സംഭവം; ഞങ്ങളുടെ മകന്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു ;പരാതി നല്‍കി കുടുംബം

കൊച്ചി: തൃപ്പൂണിത്തുറയില്‍ 15 വയസ്സുകാരന്‍ ഫ്‌ലാറ്റിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി കുടുംബം. സ്‌കൂളില്‍ മകന്‍ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് കാട്ടിയാണ് അമ്മയാണ് പരാതി നല്‍കിയത്. ചില വിദ്യാര്‍ത്ഥികളില്‍ നിന്ന് ക്രൂരമായ റാഗിങ്ങിന് മകന്‍ വിധേയനായെന്നും കുടുംബം ആരോപിക്കുന്നു.

തൃപ്പൂണിത്തറ ചോയ്‌സ് പാരഡൈസ് ടവറില്‍ താമസിക്കുന്ന പി.എം. റജ്‌നയുടെ മകന്‍ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദാണ് ജീവനൊടുക്കിയത്. ജനുവരി 15നായിരുന്നു ദാരുണസംഭവം. മുകളില്‍ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസില്‍ പതിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം മാറ്റിയത്.

മകന്റെ മരണശേഷം സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച സോഷ്യല്‍ മീഡിയ ചാറ്റില്‍ നിന്നാണ് മകന്‍ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്. മിഹിര്‍ പഠിച്ച ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരെയാണ് കുടുംബം പരാതി നല്‍കിയത്. ചെറിയ തെറ്റുകള്‍ക്ക് പോലും ഈ സ്‌കൂളുകളില്‍ മിഹിറിന് നേരിടേണ്ടി വന്നത് മനുഷ്യത്വവിരുദ്ധമായ ശിക്ഷയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

‘മിഹിര്‍ മൂന്ന് മാസം മുമ്പ് പുതുതായി ചേര്‍ന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ വെച്ച് ഒരു പ്രത്യേക ഗ്യാങ് വിദ്യാര്‍ഥികളാല്‍ അതി ക്രൂരമായി റാഗ് ചെയ്യപ്പെട്ടിരുന്നു. അവന്റെ ചില സഹപാഠികളോടും സുഹൃത്തുക്കളോടും സംസാരിച്ചതില്‍ നിന്നും, ഞങ്ങള്‍ക്ക് ലഭ്യമായ ചില സോഷ്യല്‍ മീഡിയ ചാറ്റുകളുടെ അടിസ്ഥാനത്തിലും അവന്‍ ശക്തമായ മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് വിധേയനായിരുന്നു എന്നത് വ്യക്തമാവുകയായിരുന്നു. അത്തരമൊരു നിസ്സഹായമായ ഘട്ടത്തില്‍ അവന്‍ എടുത്തതാണ് ആ തീരുമാനം എന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ തക്ക തെളിവുകളും ഞങ്ങള്‍ക്ക് ലഭ്യമാവുകയുണ്ടായി.

സ്‌കൂളില്‍ വെച്ചും സ്‌കൂള്‍ ബസില്‍ വെച്ചും ഞങ്ങളുടെ മകന്‍ അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അവനു ശാരീരിക ഉപദ്രവമേല്‍ക്കുകയും നിറത്തിന്റെ പേരിലും മറ്റുമുള്ള പരിഹാസവും കുത്ത് വാക്കുകളും സഹിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. വാഷ് റൂമില്‍ കൊണ്ട് പോയി അവനെ അതി കഠിനമായി ഉപദ്രവിക്കുകയും ക്‌ളോസ്റ്റില്‍ ബലാല്‍ക്കാരമായി മുഖം പൂഴ്ത്തിച്ചു ഫ്‌ലഷ് ചെയ്യുകയും ടോയ്ലറ്റില്‍ നക്കിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ക്ക് ബോധ്യമായ കാര്യങ്ങളാണ്’ -മാതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *