ഡല്‍ഹി: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം. ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി അന്തരിച്ചു.72 വയസ്സായിരുന്നു.സജീവവും സവിശേഷവുമായ ഇടപെടലുകളിലൂടെ ഏറെക്കാലമായി ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു സീതാറാം യെച്ചൂരിയുടെത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിരിക്കേയാണ് അന്ത്യം.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി(മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായ ഇദ്ദേഹത്തെ ദേശീയ ജനറല്‍ സെക്രട്ടറിയായി, 2015 ല്‍ പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവു കൂടിയാണ്.
1952 ആഗസ്റ്റ് 12നായിരുന്നു സീതാറാമിന്റെ ജനനം. തെലുങ്ക് സംസാരിക്കുന്ന ആന്ധ്ര ബ്രാഹ്മണ ദമ്പതികളായ സര്‍വേശ്വര സോമയാജുല യെച്ചൂരിയുടെയും കല്‍പ്പാക്കത്തിന്റെയും മകനായി ചെന്നൈയില്‍ (അന്ന് മദ്രാസ്) ആണ് ജനിച്ചത്. ആന്ധ്രയിലെ കാക്കിനഡയായിരുന്നു സ്വദേശം. ആന്ധ്രപ്രദേശ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ എഞ്ചിനീയറായിരുന്നു പിതാവ്. അമ്മ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗസ്ഥയും.
അന്താരാഷ്ട്രവിഷയങ്ങളില്‍ സി.പി.എമ്മിലെ സൈദ്ധാന്തികനായിരുന്നു യെച്ചൂരി. പാര്‍ട്ടി മുഖപ്പത്രമായ പീപ്പിള്‍ ഡെമോക്രസിയുടെ എഡിറ്ററുമാണ്. വാഗ്മിയും നയതന്ത്രജ്ഞനുമായ അദ്ദേഹം, നേപ്പാളില്‍ മാവോവാദികളെ ജനാധിപത്യത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനായി മധ്യസ്ഥന്‍ എന്ന നിലയില്‍ നടത്തിയ ഇടപെടലുകള്‍ പ്രശംസാര്‍ഹമായിരുന്നു.
ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്ന നിരവധി രചനകള്‍ സീതാറാം യെച്ചൂരി നടത്തിയിട്ടുണ്ട്. ‘ആഗോളവല്‍ക്കരണ കാലത്തെ സോഷ്യലിസം’ എന്ന പുസ്തകം ഇതില്‍ ഉള്‍പ്പെടുന്നു. മികച്ച പാര്ലമെന്റേറിയന് എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. പത്രപ്രവര്‍ത്തകയായ സീമ ക്രിസ്റ്റിയാണ് യെച്ചൂരിയുടെ ഭാര്യ. പ്രമുഖ വനിതാവകാശ പ്രവര്‍ത്തക വീണ മജുംദാറിന്റെ പുത്രിയായിരുന്നു ആദ്യ ഭാര്യ. ആ വിവാഹത്തില്‍ യെച്ചൂരിക്ക് ഒരു മകനും മകളും ഉണ്ട്. യെച്ചൂരി-സീമ ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.
