ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ പ്രധാനമന്ത്രിയുടെ പൂജയെ വിമര്‍ശിച്ച് കപില്‍ സിബല്‍

ഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ വീട്ടിലെ ഗണപതി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് വിവാദമായിരിക്കെ സംഭവത്തില്‍ പ്രതികരണവുമായി സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കപില്‍ സിബല്‍. ഇത്തരം പ്രവര്‍ത്തികള്‍ സുപ്രീംകോടതിക്ക് ദുഷ്‌പേരുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തീര്‍ത്തും സ്വകാര്യമായ ഒരു ചടങ്ങ് പരസ്യപ്പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് കരുതിക്കാണില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന പൂജയുടെ ദൃശ്യങ്ങള്‍ കണ്ടു. തികച്ചും ആശ്ചര്യം വന്നു. ചില തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് എനിക്ക് ഇത്തരം കൂടിക്കാഴ്ചകളെ കുറിച്ച് പറയാനുള്ളത്. ഒരു പൊതുപ്രവര്‍ത്തകന്‍, അത് രാഷ്ട്രപതിയായാലും പ്രധാനമന്ത്രിയായാലും ചീഫ് ജസ്റ്റിസായാലും, ഒരു സ്വകാര്യ ചടങ്ങിനെ പരസ്യമാക്കരുത്. ആ ചടങ്ങ് പരസ്യമാകുമെന്ന് ചീഫ് ജസ്റ്റിസ് ധരിച്ചിട്ടുണ്ടാവില്ല. രണ്ടാമത്തെ കാര്യം, ഇന്ത്യയുടെ പ്രധാനമന്ത്രി ഇങ്ങനെയൊരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനുള്ള താല്‍പര്യം കാണിക്കരുതായിരുന്നു. അതൊരു തെറ്റായ സന്ദേശം നല്‍കുമെന്ന കാര്യം പ്രധാനമന്ത്രി തിരിച്ചറിയണമായിരുന്നു’ -സിബല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തി ഗണേശ പൂജയില്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി തന്നെ പങ്കുവെക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *