കാസര്‍കോട്: പാളം മുറിച്ചുകടക്കുന്നതിനിടെ മൂന്നു സ്ത്രീകള്‍ ട്രെയിനിടിച്ച് മരിച്ചു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിന് സമീപമാണ് അപകടം. എയ്ഞ്ചല്‍ എബ്രഹാം (26), ചിന്നമ്മ (73), ആലീസ് (61) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 7.10ഓടെയാണ് അപകടം. കോട്ടയത്തേക്കുള്ള ട്രെയിന്‍ എത്തുന്ന പ്ലാറ്റ്‌ഫോം രണ്ടാണെന്ന് കരുതി ഒന്നാം പ്ലാറ്റ്‌ഫോമില്‍നിന്ന് രണ്ടിലേക്ക് പാളം മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടം. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കോയമ്പത്തൂര്‍- ഹിസാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടം നടന്ന് കുറച്ചുനേത്തേക്ക് ആര്‍ക്കും ഒന്നും മനസ്സിലാകാത്ത സ്ഥിതിയായിരുന്നു. എത്രപേര്‍ മരിച്ചുവെന്നുപോലും അറിഞ്ഞിരുന്നില്ല. നാലുഭാഗത്തുമായി ചിന്നിച്ചിതറിയ മൃതദേഹ ഭാഗങ്ങള്‍ മാത്രമാണ് കാണാനായത്.
അഗ്‌നിരക്ഷസേനയും പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൂന്നുപേര്‍ മരിച്ചതായി വ്യക്തമായത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്റെ വടക്കുഭാഗത്താണ് അപകടമുണ്ടായത്. പ്ലാറ്റ്‌ഫോമില്‍ കയറാതെ റോഡില്‍നിന്ന് പടിഞ്ഞാറുഭാഗത്തേക്ക് പോകാന്‍ വഴിയുള്ളതിനാല്‍ ഇവര്‍ ഇതുവഴി പാളം മുറിച്ചുകടക്കുന്നതിനിടെയായിരുന്നു ദുരന്തം. കള്ളാറില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം കോട്ടയത്തേക്ക് ട്രെയിന്‍ കയറുന്നതിന് സ്റ്റേഷനിലേക്ക് വരുകയായിരുന്നു ഇവര്‍.
