കൊല്ലം: മൈനാഗപ്പള്ളി വാഹനാപകടത്തില്‍ വാഹനമോടിച്ചിരുന്ന അജ്മല്‍, കൂടെയുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇരുവര്‍ക്കും എതിരെ ജാമ്യമില്ലാ വകുപ്പ് ആയ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.
വാഹനമിടിച്ചതോടെ തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ മനഃപൂര്‍വം കാര്‍ കയറ്റിയിറക്കി നിര്‍ത്താതെ പോവുകയായിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ അജ്മല്‍ ഒന്നാം പ്രതിയും ഡോ. ശ്രീക്കുട്ടി രണ്ടാം പ്രതിയുമാണ്.
വാഹനം നിര്‍ത്താതെ ഓടിച്ചുപോവാന്‍ അജ്മലിനോട് പറഞ്ഞത് ശ്രീക്കുട്ടിയാണെന്ന ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രേരണാക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കൂടാതെ, ഒരു ഡോക്ടറായിട്ടും അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാനോ പ്രാഥമിക ശുശ്രൂഷ പോലും നല്‍കാനോ ശ്രമിക്കാതെ കര്‍ത്തവ്യം മറന്ന് മരണത്തിലേക്ക് തള്ളിയിട്ടു എന്നതും കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.