തിരുവനന്തപുരം: മുണ്ടക്കൈ ദുരിതാശ്വാസ കണക്കുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണ് കണക്കുകള്‍. കേന്ദ്രസര്‍ക്കാരിന് നല്‍കിയ മെമ്മോറാണ്ടമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേന്ദ്രത്തിന് ഇങ്ങനെയാണോ മെമ്മോറാണ്ടം സമര്‍പ്പിക്കേണ്ടതെന്ന് വി ഡി സതീശന്‍ ചോദിച്ചു. പുറത്തുവന്ന കണക്കില്‍ അപാകതയുണ്ട്.
എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് മെമ്മോറാണ്ടം സമര്‍പ്പിക്കേണ്ടത്. ഈ കണക്കിന് എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങളുമായി ഒരു ബന്ധവുമില്ലെന്നും സാമാന്യ യുക്തിക്ക് നിരക്കാത്ത കണക്കുകളാണ് സര്‍ക്കാര്‍ മുന്നോട്ടു വച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സെക്രട്ടേറിയറ്റിലെ സാമാന്യബുദ്ധിയുള്ള ഒരു ഉദ്യോഗസ്ഥനും ഇത്തരമൊരു കണക്ക് തയാറാക്കുമെന്ന് കരുതുന്നില്ലെന്നും ഈ കണക്ക് ഡിസാസ്റ്റര്‍ മാനേജ്മെന്റാണോ റവന്യൂ വകുപ്പാണോ തയാറാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പരിശോധന നടത്തിയിട്ടുണ്ടോ? ആക്ച്വല്‍സ് ആണ് ഹൈക്കോടതി വിധിയില്‍ വന്നിരിക്കുന്നതെന്നാണ് പറയുന്നത്. ഇത്രയും ആളുകളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ വലിയ തുകയാണ് കണക്കാക്കിയിരിക്കുന്നത്.
വോളന്റിയര്‍മാര്‍ക്ക് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷനും സന്നദ്ധ പ്രവര്‍ത്തകരുമാണ് ഭക്ഷണം നല്‍കിയത്. കള്ളക്കണക്ക് എഴുതാതെ ശ്രദ്ധയോടെ നിവേദനം തയാറാക്കി നല്‍കിയിരുന്നെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ന്യായമായ സഹായം വാങ്ങിയെടുക്കാമായിരുന്നു. വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് മെമ്മോറാണ്ടം തയാറാക്കിയിരിക്കുന്നത്, സതീശന്‍ വിമര്‍ശിച്ചു.