സുഭദ്ര കൊലക്കേസ് ; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

ആലപ്പുഴ: കലവൂര്‍ സുഭദ്ര കൊലക്കേസില്‍ പ്രതികളെ കൊലപാതകം നടത്തിയ വീട്ടിലും പരിസരത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ എട്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടതിനു പിന്നാലെയാണ് തെളിവെടുപ്പിനെത്തിച്ചത്. കൊല നടന്ന വീട്ടിലും വസ്ത്രമടക്കം ഉപേക്ഷിച്ച പറമ്പിലും സുഭദ്രയെ കുഴിച്ചിട്ടയിടത്തും പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തി.

ഒന്നാം പ്രതി ശര്‍മിളയെയും രണ്ടാംപ്രതി മാത്യൂസിനെയുമാണ് തെളിവെടുപ്പിനെത്തിച്ചത്. ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-2 ആണ് ഇവരെ കസ്റ്റഡിയില്‍വിട്ടത്. മൂന്നു മണിയോടെയാണ്, പ്രതികളെ സുഭദ്രയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കലവൂര്‍ കോര്‍ത്തുശേരിയിലെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചത്.

ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു സുഭദ്രയുടെ വസ്ത്രവും ഒരു തലയണയും. സുഭദ്ര കിടന്നിരുന്ന തലയണ തോട്ടില്‍ നിന്ന് കണ്ടെത്തി. കൊലപാതക സമയം ഈ തലയണയായിരുന്നു ഉപയോഗിച്ചിരുന്നത്.രക്തക്കറ പുരണ്ടതിനാലാണ് ഇവ ഉപേക്ഷിച്ചത്. സുഭദ്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷാള്‍ കത്തിച്ചതായും കണ്ടെത്തി. സ്വര്‍ണാഭരണമാണ് ഇനി കണ്ടെത്താനുള്ളത്. സ്വര്‍ണം പലയിടത്തും വിറ്റതായും പണയം വച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കോടതി വളപ്പില്‍ പ്രതി ശര്‍മിള മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. താനൊരു തെറ്റും ചെയ്തിട്ടില്ല എന്നായിരുന്നു ശര്‍മിളയുടെ പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *