സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു; ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ വീണ്ടും പരാതിയുമായി യുവതി

കൊച്ചി: നടന്‍ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലൈംഗികാരോപണമുന്നയിച്ച നടിക്കെതിരെ വീണ്ടും പരാതിയുമായി ബന്ധുവായ യുവതി. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. എറണാകുളം റൂറല്‍ എസ്.പിക്കാണ് പരാതി നല്‍കിയത്.

മുകേഷിനും മറ്റു പ്രമുഖ താരങ്ങള്‍ക്കുമെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ അടുത്ത ബന്ധുവായ യുവതി കഴിഞ്ഞ ദിവസം ആരോപണവുമായി രംഗത്തെത്തിയിരുന്നു. നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്നും 2014ല്‍ ഓഡിഷനായി തന്നെ ചെന്നൈയില്‍ എത്തിച്ച് ഒരു സംഘം ആളുകള്‍ക്ക് കാഴ്ചവെക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം. അവര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ നടി നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍ മോശമായ രീതിയില്‍ രോഷത്തോടെ പെരുമാറി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരുപാട് പെണ്‍കുട്ടികളെ ഇങ്ങനെ കൊണ്ടുവന്നിട്ടുണ്ടെന്നും അവരൊക്കെ ഇപ്പോള്‍ ഹാപ്പിയാണെന്നും നീയൊന്ന് കണ്ണടച്ചാല്‍ നമുക്കെല്ലാവര്‍ക്കും നല്ല രീതിയില്‍ സെറ്റിലാകാന്‍ പറ്റുമെന്നും പറഞ്ഞു. തന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും യുവതി പറഞ്ഞിരുന്നു.

ഇതിന് മറുപടിയെന്നോണമാണ് നടി സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടെയുള്ള കുറിപ്പും പുറത്തുവിട്ടത്. ഇതില്‍ ബന്ധുവായ യുവതിക്കെതിരെയുള്ള ആരോപണങ്ങളുണ്ട്. തുടര്‍ന്നാണ് യുവതി നടിക്കെതിരെ വീണ്ടും പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *