കൊല്ലം: സംഘര്‍ഷത്തിനിടെ മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു.കൊല്ലം ഇരവിപുരം നാന്‍സി വിലയില്‍ ഷിജുവിന്റെ മകന് അരുണ്‍കുമാര്‍ (19) ആണ് കൊല്ലപ്പെട്ടത്. ഇയാളെ കുത്തിയ ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് (46) ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങി.
വെള്ളിയാഴ്ച വൈകീട്ട് ആറോടെ കൊല്ലം കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയകാവ് നഗറിലാണ് സംഭവം. പൊലീസ് പറയുന്നത്: പ്രസാദിന്റെ മകളെ അരുണ്‍കുമാര്‍ ശല്യം ചെയ്തതായി ആരോപിച്ചുണ്ടായ വാക്കേറ്റവും സംഘര്‍ഷവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മകള്‍ കുറച്ചുദിവസമായി ഇരട്ടക്കടയിലെ ബന്ധുവീട്ടിലാണ് താമസം. ഇവിടെയെത്തി മകളെ അരുണ്‍കുമാര്‍ കണ്ടുവെന്നാരോപിച്ച് പ്രസാദും അരുണും തമ്മില്‍ ഫോണിലൂടെ വാക്കേറ്റമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി ഇരട്ടക്കടയില്വെച്ച് അരുണും പ്രസാദുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി.സംഘര്‍ഷത്തിനിടെ പ്രസാദ് കത്തി ഉപയോഗിച്ച് അരുണിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. അരുണിനെ ജില്ല ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ ശക്തികുളങ്ങര പൊലീസ് കേസെടുത്തു.