കൊച്ചി: നടി കവിയൂര്‍ പൊന്നമ്മയുടെ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും.രാവിലെ 9 മണി മുതല്‍ 12 മണി വരെ കളമശ്ശേരി മുനിസിപ്പള്‍ ടൗണ്‍ ഹാളിലാണ് പൊതുദര്‍ശനം. സംസ്‌കാരം വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂര്‍ ശ്രീപദം വീട്ടുവളപ്പില്‍ നടക്കും. നിലവില്‍ ലിസി ആശുപത്രിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ഇന്നലെയാണ് മരണം സംഭവിച്ചത്. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ‘അമ്മ’ യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. 20ാം വയസില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന നാളുകള്‍ വരെയും ഏറ്റവും തന്മയത്വത്തോടെ അമ്മ വേഷങ്ങള്‍ അവതരിപ്പിച്ചു.