‘വയനാട്ടിലെ കണക്കില്‍ നുണപ്രചരണം നടത്തി;മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ ചെലവ് വിവാദത്തില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ നല്‍കിയ തെറ്റായ വിവരം സംശയത്തിന്റെ പുകപടലം പടര്‍ത്താന്‍ ഇടയാക്കിയെന്നും പെട്ടെന്നു കേള്‍ക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാധ്യമങ്ങള്‍ കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇത് കേവലമൊരു വ്യാജ വാര്‍ത്താ പ്രചാരണമോ മാധ്യമ ധാര്‍മികതയുടെ പ്രശ്നമോ അല്ല. വ്യാജ വാര്‍ത്തകളുടെ വലിയ പ്രശ്നം നുണകളല്ല. അതിന് പിന്നിലുള്ള അജണ്ടയാണ്. അത് നാടിനും നാട്ടിലെ ജനങ്ങള്‍ക്കും എതിരായുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരം വ്യാജ വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ദുരന്തത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തു എന്ന ആരോപണവുമായി പ്രതിപക്ഷത്തെ പ്രധാന നേതാക്കളും രംഗത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ആക്ഷേപം വന്നു. കേരളത്തിനെതിരായ ദുഷ്പ്രചാരണം എല്ലാ സീമകളും കടന്ന് കുതിച്ചുപാഞ്ഞു. കേരളം കണക്കുകള്‍ പെരുപ്പിച്ച് അനര്‍ഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറി. കേരളീയരും ഇവിടുത്തെ സര്‍ക്കാറും ജനങ്ങളും ലോകത്തിനു മുന്നില്‍ അവഹേളിക്കപ്പെട്ടു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്ന സാധാരണ ജനങ്ങളെ പിന്തിരിപ്പിക്കുക എന്നൊരു ദുഷ്ടലക്ഷ്യം ഇതിന്റെ ഭാഗമായുണ്ട്. ഇതൊരു സാധാരണ മാധ്യമ പ്രവര്‍ത്തനമല്ല. നശീകരണ മാധ്യമ പ്രവര്‍ത്തനമാണ്. അത് സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്. ആ തിരിച്ചറിവ് ബന്ധപ്പെട്ടവര്‍ക്ക് വേണം.

രാജ്യവും ലോകമാകെയും പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള രക്ഷാ പ്രവര്‍ത്തനമാണ് വയനാട്ടില്‍ നാം നടത്തിയത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും എല്ലാത്തരത്തിലുള്ള സഹായങ്ങളും സര്‍ക്കാര്‍ ചെയ്തുവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദുരിതാശ്വാസ ചെലവുകളും വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു. ദുരന്തത്തില്‍പെട്ട എല്ലാവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കി. ദുരന്തത്തില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് ആറു ലക്ഷം രൂപ വീതം നല്‍കി. 173 പേരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി കുടുംബത്തിന് 10000 രൂപ വീതം നല്‍കി. പരിക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയില്‍ തുടര്‍ന്ന 26 പേര്‍ക്ക് 17,16,000 രൂപ സഹായം നല്‍കി. 1013 കുടുംബങ്ങള്‍ക്ക് അടിയന്തരമായി 10000 രൂപ വീതം സഹായം നല്‍കി. 1694 പേര്‍ക്ക് 30 ദിവസം 300 രൂപ വീതം നല്‍കി. 33 കിടപ്പുരോഗികള്‍ക്ക് 2,97,000 രൂപ നല്‍കി. 722 കുടുംബങ്ങള്‍ക്ക് പ്രതിമാസവാടക 6000 രൂപ നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചാനലുകളുടെ കിടമത്സരത്തില്‍ വ്യാജവാര്‍ത്തകളുടെയും അജണ്ടവെച്ചുള്ള അസത്യപ്രചരണങ്ങളുടെയും കുത്തൊഴുക്കാണ് നടക്കുന്നത്. സാമാന്യ ഭാഷാശേഷിയുള്ളവര്‍ക്കുപോലും മനസ്സിലാവുന്ന ഒരു കാര്യം മനഃപൂര്‍വം തെറ്റായി വ്യാഖ്യാനിച്ച് സര്‍ക്കാറിനെ പഴിചാരാന്‍ ഉപയോഗിക്കുകയായിരുന്നു എന്നത് വയനാടിന്റെ കാര്യത്തില്‍ വ്യക്തമാണ്. ദുരന്താനന്തരം ലഭിക്കേണ്ട കേന്ദ്ര സഹായം മുടക്കാനുള്ള ക്വട്ടേഷനാണോ ഇക്കൂട്ടര്‍ ഏറ്റെടുത്തതെന്ന സംശയം സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഉണ്ടായ ദുരന്തത്തില്‍ നിന്നു നാട് ഇനിയും കരകയറിയിട്ടില്ല. കേരളമൊന്നായി വയനാട്ടിനൊപ്പം ചേര്‍ന്ന് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. അതിനിടയില്‍ ചാനല്‍ റേറ്റിങ്ങിനുവേണ്ടി ഒരു ജനതയുടെ അതിജീവന പോരാട്ടങ്ങളെ തുരങ്കം വെക്കരുതെന്നാണ് അഭ്യര്‍ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *