ഗംഗാവാലി പുഴയില്‍ അര്‍ജുന്റെ ട്രക്കിന്റെ ഭാഗം കണ്ടെത്തി

അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനും അദ്ദേഹത്തിന്റെ ലോറിക്കും വേണ്ടിയുള്ള തിരച്ചില്‍ ഗംഗാവാലി പുഴയില്‍ പുരോഗമിക്കുന്നു. പുഴയില്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ട്രക്കിന്റെ ഭാഗം മണ്ണില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തി. പുഴയുടെ അടിയില്‍ നിന്നുള്ള ട്രക്കിന്റെ ദൃശ്യങ്ങള്‍ ഈശ്വര്‍ മാല്‍പെ പുറത്തുവിട്ടു. രണ്ട് മണിക്കൂറിനകം ഔദ്യോഗികമായ സ്ഥിരീകരണമുണ്ടാകുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.

ചളിയില്‍ പൂണ്ട നിലയില്‍ ലോറിയുടെ ക്യാബിന്‍ ഉണ്ടെന്നാണ് മാല്‍പെ നല്‍കുന്ന വിവരം. തലകീഴായി മറിഞ്ഞ് ടയര്‍ മുകളിലേക്ക് ഉയര്‍ന്ന് ബാക്കി ഭാഗങ്ങള്‍ മണ്ണില്‍പ്പുതഞ്ഞ നിലയിലാണ് ലോറി. ലോറിയില്‍ കെട്ടിയിരുന്ന കയറും കണ്ടെത്തി. കണ്ടെത്തിയ ലോറിയുടെ ഭാഗം കയര്‍ കെട്ടി രണ്ടിടങ്ങളിലായി മാല്‍പെ അടയാളപ്പെടുത്തിയിട്ടുണ്ട്. ലോറിയുടെ മറ്റു ഭാഗങ്ങള്‍ തിരയുകയാണ് മാല്‍പെ.

Leave a Reply

Your email address will not be published. Required fields are marked *