എംഎം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈകോടതി ഉത്തരവ്. മൃതദേഹം മെഡിക്കല്‍കോളജിന് വിട്ടു നല്‍കരുതെന്നാവശ്യപ്പെട്ട് ലോറന്‍സിന്റെ മകള്‍ ആശ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്.

കളമശ്ശേരി മെഡിക്കല്‍ കോളജ് ഓഫിസര്‍ വിഷയം തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. തീരുമാനമെടുക്കേണ്ടത് ഓതറൈസേഷന്‍ ഓഫിസറാണ്. കേരള അനാട്ടമി ആക്ട് പ്രകാരം വിഷയത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ചു മറ്റു നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.നിലവില്‍ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം നടന്നുകൊണ്ടിരിക്കുകയാണ്.

വൈദ്യപഠനത്തിനായി മൃതദേഹം വിട്ടുകൊടുക്കാന്‍ താല്‍പര്യമില്ലെന്നും അക്കാര്യത്തില്‍ എല്ലാ മക്കളുടെയും അഭിപ്രായം ആരാഞ്ഞ ശേഷം വേണമായിരുന്നു തീരുമാനമെടുക്കാനെന്നും ആശ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് ആശ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിപ്പും പങ്കുവച്ചിരുന്നു. ലോറന്‍സിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയാണെന്നും ലോറന്‍സിനേക്കാള്‍ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ക്രിസ്തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശ ലോറന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയമാണെന്ന് സഹോദരന്‍ സജീവന്‍ ആരോപിച്ചു. ഹര്‍ജി കൊടുപ്പിച്ചത് ബിജെപിക്കാരാണ്. മൃതദേഹം കൈമാറുന്നതിനുള്ള സമ്മതപത്രം കൊടുത്തു കഴിഞ്ഞു. പിതാവ് എക്കാലവും കമ്മ്യൂണിസ്റ്റുകാരനെന്നും സജീവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *