കൊച്ചി: ലൈംഗികാതിക്രമ കേസില്‍ അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദീഖിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതോടെ കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നേരത്തെ വാദം കേട്ടിരുന്നെങ്കിലും വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു.
യുവനടി നല്‍കിയ പരാതിയില്‍ ബലാത്സംഗ കുറ്റമടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ നിരപരാധിയാണെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, തിരുവനന്തപുരത്ത് കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പരിശോധന നടത്തിയിരുന്നു. ഹോട്ടല്‍ രജിസ്റ്റര്‍, ഫോണ്‍ കോളുകള്‍ എന്നിവയെല്ലാം പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച തെളിവുകള്‍ എസ്.ഐ.ടി കോടതിയില്‍ ഹാജരാക്കി. സാഹചര്യത്തെളിവുകള്‍ പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ല എന്ന നിലപാട് ഹൈകോടതി സ്വീകരിക്കുകയായിരുന്നു.
