തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിലാണ് സിദ്ദിഖിനെതിരെ നോട്ടീസ് പുറത്തിറക്കിയത്. എല്ലാ സംസ്ഥാന പൊലീസ് മേധാവികള്‍ക്കും നോട്ടീസ് അയച്ചുനല്‍കി. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കണമെന്നാണ് നിര്‍ദേശം.
അതിനിടെ ലൈംഗിക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് സുപ്രിംകോടതിയെ സമീപിച്ചു. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹരജി വെള്ളിയാഴ്ച പരിഗണിച്ചേക്കും. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ഓഫീസ് വഴിയാണ് ഹരജി സമര്‍പ്പിച്ചത്. 8 വര്‍ഷത്തിന് ശേഷം യുവതി ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമെന്നെന്നാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.
