ഷിരൂര്‍: അര്‍ജുന്റെ ലോറിയുടെ കാബിനുള്ളില്‍ നിന്ന് കൂടുതല്‍ വസ്തുക്കള്‍ പുറത്തെടുത്തു. വീട്ടില്‍ മോന്റെ കൂടെ കളിക്കാന്‍ ഉപയോഗിക്കുന്ന ലോറിയും കളിപ്പാട്ടങ്ങളും വസ്ത്രവും മൊബൈലും കാബിനില്‍നിന്ന് കണ്ടെടുത്തു. കുട്ടിയോടൊപ്പം കളിച്ച ശേഷം ഈ കളിപ്പാട്ടം അര്ജുന് ലോറിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു പതിവ്. അര്ജുന് ഉപയോഗിച്ച രണ്ട് മൊബൈലും വാച്ചുകളും ലോറിയുടെ കാബിനില്‍നിന്ന് ലഭിച്ചു. ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങളും ഉപകരണങ്ങളും ഒക്കെ ലോറിയില്‍ തന്നെ ഉണ്ടായിരുന്നു.
ഇന്ന് രാവിലെ പൂര്‍ണമായും പുറത്തെത്തിച്ച ലോറിയുടെ കാബിനില്‍ പരിശോധന തുടരുകയാണ്.ലോറി പൊളിച്ച് പരിശോധിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ലോറിയുടെ കാബിനുള്ളില്‍ നിന്നും ലഭിച്ച വസ്തുക്കള്‍ അര്‍ജുന്റെ സഹോദരന് അഭിജിത് തിരിച്ചറിഞ്ഞിട്ടുണ്ട്.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് പൂര്‍ത്തിയാകുമെന്ന് ഉത്തര കന്നഡ എസ്പി എം നാരായണ പ്രതികരിച്ചു. സാമ്പിളുകള്‍ മംഗളൂരു ഫോറന്‍സിക് ലാബിലേക്ക് അയച്ചു. പരിശോധനാഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ജൂലൈ 16നാണ് കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയപാത 66ല്‍ ഉത്തര കന്നട ജില്ലയിലെ അങ്കോളയിലെ ഷിരൂരില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനും ലോറിയും അപകടത്തില്‍പ്പെട്ടത്. കാണാതായി 72ാം ദിവസമാണ് ലോറിയും മൃതദേഹവും പുഴയില്‍നിന്ന് കണ്ടെടുത്തത്.
