ദ ഹിന്ദു’വില്‍ വന്നത് താന്‍ പറയാത്ത കാര്യങ്ങള്‍’; മുഖ്യമന്ത്രി

കോഴിക്കോട്: ദ ഹിന്ദു ദിനപത്രത്തില്‍ വന്ന അഭിമുഖത്തിലെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഏതെങ്കിലും ഒരു ജില്ലയെയോ, മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി നിര്‍മിച്ച എകെജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവേ?ദിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍, സ്വര്‍ണക്കടത്ത്, ഹവാല പരാമര്‍ശങ്ങള്‍ എഴുതിനല്‍കിയതായി ‘ദ ഹിന്ദു’ ആരോപിച്ച പിആര്‍ ഏജന്‍സിയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

‘കോഴിക്കോട് വിമാനത്താവളം എന്നാണ് പേര് എങ്കിലും, കരിപ്പൂര്‍ മലപ്പുറത്താണല്ലോ സ്ഥിതി ചെയ്യുന്നത്. അവിടെയുള്ള കേസ് മലപ്പുറം ജില്ലയുടെ പരിധിയില്‍ ആണ് രേഖപ്പെടുത്തുക. അതാണ് പത്രസമ്മേളനത്തില്‍ പറഞ്ഞത്. 2020 മുതല്‍ സ്വര്‍ണക്കടത്തില്‍ ആകെ പിടിക്കപ്പെട്ടത് 147.79 കിലോ സ്വര്‍ണമാണ്. ഇതില്‍ 124 കിലോ കരിപ്പൂര്‍ വിമാനത്താവളവും ആയി ബന്ധപ്പെട്ട് പിടിക്കപ്പെട്ടതാണ്.’- മുഖ്യമന്ത്രി പറഞ്ഞു.സ്വര്‍ണക്കടത്ത്, ഹവാല പണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാടിന്റെ പൊതുബോധത്തിലേക്ക് കൊണ്ടുവരലാണ് ഉദ്ദേശിച്ചത്. എന്നാല്‍ ചിലര്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ്.

ഭൂരിപഷവിഭാഗമായാലും ന്യൂനപക്ഷമായാലും അവയിലെ മഹാഭൂരിപക്ഷം ആളുകളും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. അവര്‍ വര്‍ഗീയതയില്‍ അകപ്പെട്ടവരല്ല. വര്‍ഗീയതയ്ക്ക് അടിപ്പെട്ടവര്‍ ചെറുഭൂരിപക്ഷമാണ്. ആ വിഭാഗത്തെ ഒറ്റപ്പെടുത്തണമെന്നാണ് സിപിഐഎമ്മിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രത്യേകമായ ഉദ്ദേശത്തോടെ നാടിന്റെ സംവിധാനങ്ങളെയാകെ തകിടം മറിക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ശ്രദ്ധിച്ചാല്‍ ആര്‍ക്ക് വേണ്ടിയാണ്, പിന്നില്‍ ആരാണ്, എന്തിന് വേണ്ടിയാണ് എന്നൊക്കെ മനസ്സിലാക്കാന്‍ കഴിയും.

കേരളത്തിന്റെ മതനിരപേക്ഷത തകര്‍ത്ത് വര്‍ഗീയ അജണ്ട പ്രചരിപ്പിച്ച് കടന്ന് കയറാന്‍ പറ്റുമോ എന്ന് ആര്‍എസ്എസ് വലിയ തോതില്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ചിലര്‍ തയ്യാറാകുന്നുവെന്നാണ് അടുത്ത കാലത്തെ സംഭവങ്ങള്‍ കാണിക്കുന്നത്. ജനമനസ്സില്‍ വര്‍ഗീയത തിരികിക്കയറ്റാനുള്ള ആ ശ്രമം നാട് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *