കലാപന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു ; ദ ഹിന്ദു പത്രത്തിനും പിആര്‍ ഏജന്‍സിക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് ഹിന്ദു ദിനപത്രം നല്‍കിയ വിശദീകരണത്തിന് പിന്നാലെ പത്രത്തിനും, കൈസണ്‍ പി.ആര്‍ ഏജന്‍സിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന പൊലീസ് മേധാവിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിന്‍ വര്‍ക്കിയാണ് പരാതി നല്‍കിയത്.

ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ വര്‍ഗീയമായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. 30 മണിക്കൂറിന് ശേഷം മുഖ്യമന്ത്രി പ്രസ്തുത പരാമര്‍ശങ്ങള്‍ നിഷേധിച്ചു. ഒരു പി.ആര്‍ ഏജന്‍സിയുടെ നിര്‍ദേശപ്രകാരമാണ് അഭിമുഖം എടുത്തതെന്നും അവര്‍ എഴുതി നല്‍കിയ ഭാഗങ്ങളാണ് ഉള്‍ക്കൊള്ളിച്ചത് എന്നുമായിരുന്നു ഇതിനു പിന്നാലെ ഹിന്ദു ദിനപത്രം നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്.

കലാപാഹ്വാനത്തിന് കേസെടുക്കണന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. ‘മുഖ്യമന്ത്രി പറയാത്ത തെറ്റിദ്ധാരണജനകവും വര്‍ഗീയവുമായ പരാമര്‍ശമാണ് അഭിമുഖത്തിലുള്ളത്. ഇത് സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.കേരളത്തില്‍ കലാപന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നത് വ്യക്തമായതായും അതിനാല്‍ വ്യാജവാര്‍ത്തകള്‍ നല്‍കി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് ദ ഹിന്ദു പത്രത്തിനും കൈസണ്‍ പി.ആര്‍ ഏജന്‍സിക്കുമെതിരെ കേസെടുക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അബിന്‍ വര്‍ക്കി നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *