തിരുവനന്തപുരം: ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇതുവരെയും സഹായം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന് വലിയ നഷ്ടമാണ് സംഭവിച്ചത്. കേന്ദ്രത്തില്‍ നിന്ന് സഹായം ലഭ്യമാക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ഇതുവരെയും സഹായം കിട്ടിയില്ല.അര്‍ഹമായ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ഒന്ന് കൂടി ആവശ്യപ്പെടാനും ശ്രദ്ധയില്‍ ഗൗരവമായി കൊണ്ടുവരാനും തീരുമാനിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു
സംസ്ഥാന ദുരന്തനിവാരണ നിധിയുടെ സഹായം കൂടാതെ 219,20,00,000 രൂപയാണ് അടിയന്തര ദുരിതാശ്വാസ സഹായമായി അഭ്യര്‍ത്ഥിച്ചത്. കേന്ദ്രവിഹിതത്തില്‍ ആദ്യഘടുവായി 145.6 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. 145,60,00,000 രൂപ അഡ്വാന്‍സ് ആയി ഇപ്പോള്‍ ലഭിച്ചു. ഇതാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. ഇത് സാധാരണ നടപടി ക്രമം മാത്രമാണ്. അല്ലാതെ ദുരന്തത്തിന്റെ പേരിലുള്ളതല്ല.
മുണ്ടക്കൈ ദുരന്തം ഏറ്റവും അധികം ബാധിച്ച 14 കുട്ടികള്‍ക്ക് മുഖ്യമന്ത്രി സഹായം പ്രഖ്യാപിച്ചു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട ആറ് കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതവും രക്ഷിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ട 8 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കും. വനിതാ ശിശുവികനസ വകുപ്പാണ് ഇത് വിതരണം ചെയ്യുക.
പുനരധിവാസത്തിന് മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റുമാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി പരിഗണിക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരം ഈ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
