ചോദ്യങ്ങളോട് ചിരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്,മറുപടിയാണ് പറയേണ്ടത് ; വി.ഡി സതീശന്‍

തിരുവനന്തപുരം: പറയാത്ത കാര്യം കൊടുത്ത ‘ദ ഹിന്ദു’വിനെതിരെ കേസെടുക്കുമോ?, കൈസന്‍ പി.ആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കുമോയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തിലെ പ്രതികരണങ്ങളില്‍ മറുപടിയുമായാണ് വി ഡി സതീശന്‍ രംഗത്തെത്തിയത്.

‘അഭിമുഖത്തിന് കൈസന്‍ എന്ന ഏജന്‍സിയാണ് സമീപിച്ചതെന്ന് ഹിന്ദു വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രിയുടെ ഇന്റര്‍വ്യു നടക്കുമ്പോള്‍ ആര്‍ക്കെങ്കിലും കയറി വരാന്‍ പറ്റുമോ? മുഖ്യമന്ത്രി പറയുന്നത് നുണകളാണ്, ആയിരം തവണ നുണ പറഞ്ഞാല്‍ അത് സത്യമാകുമോ? ചോദ്യങ്ങളോട് ചിരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുഖ്യമന്ത്രി മറുപടിയാണ് പറയേണ്ടതെന്നും’ സതീശന്‍ പറഞ്ഞു.

സെപ്റ്റംബര്‍ 16ന് ഡല്‍ഹിയിലെ പി.ആര്‍ ഏജന്‍സി വാര്‍ത്താക്കുറിപ്പിറക്കി. അതിലെ കാര്യങ്ങളാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കേരളത്തില്‍ സംഘപരിവാര്‍ അജണ്ട മുഖ്യമന്ത്രി നടപ്പാക്കുന്നുവെന്നും’ സതീശന്‍ കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ പൂരം കലക്കിയതാണെന്ന് ആദ്യം പറഞ്ഞത് പ്രതിപക്ഷമാണെന്നും അത് മുഖ്യമന്ത്രി ഇപ്പോള്‍ സമ്മതിച്ചുവെന്നും സതീശന്‍ പറഞ്ഞു. എഡിജിപി എം ആര്‍ അജിത്കുമാറിനെ കൊണ്ടാണിത് ചെയ്യിപ്പിച്ചതെന്ന് സതീശന്‍ പറഞ്ഞു. ജുഡീഷണല്‍ അന്വേഷണം നടത്തണമെന്നും പൊലീസ് അന്വേഷണം സ്വീകാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൂരം കലക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *