അര്‍ജുന്റെ പേര് പറഞ്ഞ് ഒരു മുതലെടുപ്പും നടത്തിയിട്ടില്ല ; വൈകാരികമായി എന്തെങ്കിലും തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുന്നു : മനാഫ്‌

കോഴിക്കോട്: അര്‍ജുന്റെ പേര് പറഞ്ഞ് ഒരു മുതലെടുപ്പും നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് അവര്‍ക്ക് വൈകാരികമായി എന്തെങ്കിലും തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുകയാണെന്ന് ലോറി ഉടമ മനാഫ്. അര്‍ജുന്റെ കുടുംബത്തിനൊപ്പമാണ് താനും തന്റെ കുടുംബവുമുള്ളതെന്നും ഇതോടെ ഈ വിവാദം അവസാനിപ്പിക്കണമെന്നും മനാഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അര്‍ജുന്റെ കുടുംബത്തിന് എതിരെയുള്ള സമൂഹ്യമാധ്യമ ആക്ഷേപം അവസാനിപ്പിക്കണമെന്ന് മനാഫ് ആവശ്യപ്പെട്ടു. അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും അവര്‍ക്ക് പ്രയാസം ഉണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകാരികമായി സംസാരിച്ചിരുന്നു. അതിന്റെ ഭാഗമായാണ് വണ്ടിക്ക് അര്‍ജുന്റെ പേര് നല്‍കും എന്ന് പറഞ്ഞത്. കുടുംബത്തിന് താല്‍പര്യം ഇല്ലെങ്കില്‍ തന്റെ വാഹനത്തിന് ആ പേരിടുന്നില്ല എന്നും മനാഫ് പറഞ്ഞു.

പിആര്‍ വര്‍ക്ക് ചെയ്തിട്ടില്ലെന്നും തന്റെ വ്യക്തിത്വം അങ്ങനെ ആണ്. ഉയര്‍ന്നു വന്ന വിവാദത്തില്‍ വിശദീകരണം നല്‍കാനാണ് മാധ്യമങ്ങളെ കണ്ടതെന്നും ഇത് തുടര്‍ന്നു പോകാന്‍ താല്‍പര്യമില്ലെന്നും മനാഫ് പറഞ്ഞു.

പണപിരിവ് നടത്താന്‍ മാത്രം സാമ്പത്തിക പ്രയാസമുള്ള ആളല്ല താന്‍. മുക്കത്ത് ഒരു പരിപാടിക്ക് തന്നെ ക്ഷണിക്കുകയും തനിക്ക് പണം തരാമെന്ന് സംഘാടകര്‍ പറയുകയും ചെയ്തു. പക്ഷെ പണം വേണ്ടന്ന് പറഞ്ഞപ്പോള്‍ അവര്‍ നിര്‍ബന്ധിക്കുകയും തുടര്‍ന്ന് അര്‍ജുന്റെ മകന് നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനു വേണ്ടി അര്‍ജുന്റെ മകന്റെ അക്കൗണ്ട് നമ്പര്‍ ചോദിച്ചിരുന്നു. ഇതാണ് പണപ്പിരിവായി പറയുന്നത്. എന്നാല്‍ കുടുംബം പണം ആവശ്യമില്ലെന്ന് പറഞ്ഞപ്പോള്‍ താന്‍ ആ തുക വാങ്ങിയില്ല. മനാഫ് പറഞ്ഞു. അര്‍ജുന്റെ കുടുംബത്തിന് അതില്‍ വേദനയുണ്ടായെങ്കില്‍ മാപ്പ് പറയുന്നുതായും അദ്ദേഹം പറഞ്ഞു.

അര്‍ജുനെ കിട്ടിയതോടെ ഇനി കുടുംബത്തിന് തങ്ങളുടെ ഭാഗത്ത് നിന്നും ചെയ്യാനുള്ളത് ഇന്‍ഷുറന്‍സ് തുക വാങ്ങികൊടുക്കുക എന്നതാണ്. അര്‍ജുന് താന്‍ 75,000 രൂപ ശമ്പളം നല്‍കുന്നുണ്ടെന്ന് മാധ്യമങ്ങളില്‍ പറഞ്ഞത് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിന് ഉപകാരപ്പെടും. ഇതെല്ലാം പരിഗണിച്ചാവും എത്ര നഷ്ടപരിഹാരം നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക. കുടുംബത്തിന് പ്രയോജനമുണ്ടാകുന്നതിന് മാത്രം ചെയ്തതാണെന്നും മനാഫ് പറഞ്ഞു.

ജനങ്ങളിലേക്ക് വിഷയങ്ങള്‍ എത്തിക്കാനുള്ള മാധ്യമമായാണ് യുട്യൂബ് ചാനല്‍ ആരംഭിച്ചത്. അര്‍ജുന്റെ ഫോട്ടോ ചാനലിന്റെ പ്രൊഫൈലായി വെച്ചിരുന്നു. അത് മാറ്റിയിട്ടുണ്ട്. തന്റെ യുട്യൂബ് ചാനല്‍ മോണിറ്റൈസ് ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തര്‍ക്കത്തിലേക്ക് കൊണ്ട് പോകരുത്. മനാഫ് അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *