കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം സൈബര്‍ ആക്രമണത്തിനെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.ലോറി ഉടമ മനാഫ് ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്തു.
സാമുദായിക സ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയില്‍ ഉള്‍പ്പടെ സമൂഹമാധ്യമങ്ങളില്‍ വേട്ടയാടപ്പെടുന്നു എന്ന് കാണിച്ച് അര്‍ജുന്റെ സഹോദരി അഞ്ജു ഇന്നലെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ ചേവായൂര്‍ പോലീസാണ് കേസ് എടുത്തത്.
കുടുംബം മനാഫിനെതിരെ വാര്‍ത്ത സമ്മേളനം നടത്തിയതോടെയാണ് രൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടിവന്നത്. വര്‍ഗീയമായ പ്രചാരണങ്ങള്‍ ഉള്‍പ്പെടെ ഉണ്ടായി.
ബിഎന്‍എസ് 192,120 (ഒ) കേരള പോലീസ് ആക്ട് (സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ.് മനാഫ് സമൂഹമാധ്യമങ്ങള്‍ വഴി തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങളും അര്‍ജുന്റെ കുടുംബ പശ്ചാത്തലവും പ്രചരിപ്പിച്ചെന്നും കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മുതലെടുത്ത് പ്രചാരണം നടത്തിയെന്നും ലോറി ഉടമ മനാഫ് എന്ന യൂട്യൂബ് ചാനല്‍ ഉപയോഗിച്ച് കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.
