കൊല്ലം: പ്രായപരിധി മാനദണ്ഡം പാര്‍ട്ടിക്ക് ഗുണമാകില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍. 75 വയസ് കഴിഞ്ഞാല്‍ വിരമിക്കണമെന്ന തീരുമാനം പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണം. ചട്ടം കൊണ്ടുവന്നിട്ട് മൂന്ന് വര്‍ഷമേയായുള്ളൂ. ചട്ടം കൊണ്ടുവന്നവര്‍ക്ക് അത് മാറ്റിക്കൂടെയെന്നും ഈ ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോയെന്നും സുധാകരന്‍ ചോദിച്ചു. ഇ.എം.എസിന്റേയും എ.കെ.ജിയുടേയും കാലത്തായിരുന്നെങ്കില്‍ അവര്‍ എന്നേ റിട്ടയര്‍ ചെയ്തുപോകേണ്ടി വന്നേനെയെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപാര്‍ട്ടികളില്‍ 75 വയസ് വിരമിക്കല്‍ വെച്ചിരുക്കുന്നു. അപ്പോള്‍ വിരമിച്ച എല്ലാവരും ഇതുപോലുള്ള പാര്‍ട്ടി സമ്മേളനം കേള്‍ക്കണോ എന്നാണ് ഞാന്‍ സംശയിക്കുന്നത്. ഇത് സിപിഐയിലും കോണ്‍ഗ്രസിലും വരാന്‍ പോകുകയാണ്. സര്‍ക്കാര്‍ സര്‍വീസില്‍ അതാവശ്യമാണ്. അതിന് കാരണങ്ങളുണ്ട്. പക്ഷേ, രാഷ്ട്രീയത്തിലങ്ങനെ റിട്ടര്‍മെന്റ് ഉണ്ടെന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, പാര്‍ട്ടി പരിപാടി, പാര്‍ട്ടി ഭരണഘടന അതിലൊന്നും പറഞ്ഞിട്ടില്ല. പ്രത്യേക സാഹചര്യത്തില്‍ ഇത് കൊണ്ടുവന്നു. ഞങ്ങളെല്ലാം അംഗീകരിച്ചു. പക്ഷേ, ഇഎംഎസിന്റേയും എകെജിയുടേയും കാലത്തായിരുന്നുവെങ്കില്‍ എന്തായിരുന്നു സ്ഥിതി. അവര്‍ എന്നേ റിട്ടയര്‍ ചെയ്തുപോകോണ്ടി വന്നേനെ. ‘-സുധാകരന്‍ പറഞ്ഞു.
പിണറായി വിജയന് 75 വയസ് കഴിഞ്ഞു. പക്ഷേ, മുഖ്യമന്ത്രിയാകാന്‍ വേറെ ആള്‍ വേണ്ടേ. പ്രായപരിധിയില്‍ ഇളവ് നല്‍കിയാണ് പിണറായി വിജയനെ വീണ്ടും മുഖ്യമന്ത്രിയാക്കിയത്. പാര്‍ട്ടി പരിപാടിയില്‍ ഇല്ലാത്ത ഒരു ചട്ടമാണ് വിരമിക്കല്‍. പറ്റിയ നേതാക്കളെ, പൊതുജനങ്ങള്‍ ബഹുമാനിക്കുന്നവരെ കിട്ടാനില്ലെങ്കില്‍ എന്തുചെയ്യും? ഇതെല്ലാം ഗൗരവമുള്ള കാര്യമാണ്. ഇതെല്ലാം സമൂഹത്തോടാണ് സംസാരിക്കുന്നത്. അവരുടെ താല്‍പര്യങ്ങളാണ് നോക്കേണ്ടത്. തോക്കുമെന്ന് മനസിലാക്കിയിട്ട് അസംബ്ലിയിലും പാര്‍ലമെന്റിലും ആളെ നിര്‍ത്തിയിട്ട് കാര്യമുണ്ടോ? ആയാള്‍ തോറ്റുപോകും എന്നറിയാം. ചുമ്മാതെ നിര്‍ത്തുകയാണ്. പാര്‍ലമെന്റിലെല്ലാം തോല്‍ക്കുമെന്ന് അറിഞ്ഞുകൊണ്ടല്ലേ പലരും നില്‍ക്കുന്നത്. ഇതെല്ലാം പരിശോധിക്കേണ്ട കാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.
