ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി അജിത് കുമാറിനെ മാറ്റിയത് ശിക്ഷാ നടപടി തന്നെ ; സുനില്‍കുമാര്‍

തൃശൂര്‍: ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി എം.ആര്‍ അജിത് കുമാറിനെ മാറ്റിയത് ശിക്ഷാ നടപടി തന്നെയാണെന്ന് സിപിഐ നേതാവ് വി.എസ് സുനില്‍ കുമാര്‍. അജിത് കുമാറിനെ മാറ്റിയത് എന്തിനാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തേണ്ട ആവശ്യം സിപിഐക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എഡിജിപി അജിത് കുമാര്‍ കേരളത്തിന്റെ പോലീസ് ഡിപ്പാര്‍ട്‌മെന്റിലെ ഏറ്റവും ഉയര്‍ന്ന പദവിയിലുള്ള, ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ്. എഡിജിപി തസ്തിക എല്ലാവര്‍ക്കും ഒന്നുതന്നെയാണ്. എന്നാല്‍ ചുമതല എന്നാല്‍ പ്രധാനപ്പെട്ടതാണ്. ആ ചുമതലയില്‍ നിന്ന് താഴെയുള്ള ചുമതലയിലേയ്ക്ക് മാറ്റി എന്ന് പറഞ്ഞാല്‍ അതൊരു ശിക്ഷാ നടപടിയായി തന്നെ കാണേണ്ടി വരും. ആ രീതിയിലാണ് സിപിഐ അതിനെ സമീപിക്കുന്നത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ട് തന്നെയാണ് നടപടി. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥന്‍ ആര്‍എസ്എസ് നേതാക്കളുമായി പലഘട്ടത്തില്‍ നിരന്തരമായി കൂടിക്കാഴ്ച നടത്തുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന് ഭൂഷണമല്ല എന്ന സിപിഐ നിലപാട് കൂടി പരിഗണിച്ച് തന്നെയാണ് എഡിജിപിയെ സ്ഥാനത്തുനിന്ന് മാറ്റിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *