കേരള പൊലീസില്‍ വിശ്വാസമില്ലാത്തതിനാലാണ് ഗവര്‍ണറെ കണ്ടത്: പി.വി. അന്‍വര്‍ എം.എല്‍.എ

മലപ്പുറം: കേരള പൊലീസില്‍ വിശ്വാസമില്ലാത്തതിനാലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടതെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. ഡി.ജി.പി സത്യസന്ധമായി അന്വേഷണം നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സ്വര്‍ണം പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊലീസിന്റെ കൈയിലുണ്ട്. പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നാട് നേരിടുന്ന ഭീഷണികളില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിച്ചെന്ന് കൂടിക്കാഴ്ചക്കുശേഷം അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു സ്വതന്ത്ര എം.എല്‍.എ എന്ന നിലയിലാണ് ഗവര്‍ണറെ കണ്ടത്. സര്‍ക്കാറില്‍ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് സന്ദര്‍ശനം. ചില തെളിവുകള്‍ കൂടി കൈമാറുമെന്നും അന്‍വര്‍ പറഞ്ഞു.

ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഗവര്‍ണറെ കാണാന്‍ പോകാത്തത്. ഹൈകോടതിയില്‍ കേസ് വന്നാല്‍ സഹായിക്കാമെന്ന് ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.സി.പി.എം ബന്ധം ഉപേക്ഷിച്ച് മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ തുറന്ന പോരിനിറങ്ങിയ അന്‍വര്‍ ചൊവ്വാഴ്ച രാജ്ഭവനിലെത്തിയാണ് ഗവര്‍ണറെ കണ്ടത്. പൊലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പുറത്തുവിട്ട തെളിവുകളടക്കം കത്ത് അന്‍വര്‍ ഗവര്‍ണര്‍ക്ക് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *