ആലപ്പുഴ: സി.പി.ഐക്കും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനുമെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ. ഏറനാട് സീറ്റ് കച്ചവടം നടത്തിയ പാര്‍ട്ടിയാണ് ബിനോയ് വിശ്വത്തിന്റെ സി.പി.ഐ എന്ന് അന്‍വര്‍ പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാര്‍ഗവനാണ് സീറ്റ് വിറ്റതെന്നും അദ്ദേഹം ആരോപിച്ചു.
ബിനോയ് വിശ്വം തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ പൊതുസമൂഹത്തില്‍ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് മറുപടിയായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് പി.വി അന്‍വര്‍ ആരോപണവുമായി രംഗത്തെത്തിയത്.
2011ല്‍ 25 ലക്ഷം രൂപക്ക് ഏറനാട് സീറ്റ് വിറ്റ പാര്‍ട്ടിയാണ് സി.പി.ഐയെന്ന് അന്‍വര്‍ പറഞ്ഞു. ആ തെരഞ്ഞെടുപ്പില്‍ ഏറനാട് സീറ്റ് സി.പി.ഐക്കായിരുന്നു. സി.പി.ഐക്ക് ഒരു പിന്തുണയുമില്ലാത്ത മണ്ഡലമായിരുന്നു ഏറനാട്. അവിടെ എന്നെ സ്ഥാനാര്‍ഥിയാക്കാന്‍ മുന്നണി തീരുമാനിച്ചു. പിന്നീട് സി.പി.ഐ ചതിച്ചു. വെളിയം ഭാര്‍ഗവനായിരുന്നു സംസ്ഥാന സെക്രട്ടറി. അവിടെ പിന്നീട് എ.ഐ.വൈ.എഫിന്റെ ഒരു നേതാവാണ് സ്ഥാനാര്‍ഥിയായത്. തെരഞ്ഞെടുപ്പില്‍ ഞാന്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സി.പി.ഐ ചിഹ്നത്തില്‍ മത്സരിച്ചയാള്‍ക്ക് കിട്ടിയത് വെറും 2500 വോട്ടാണ്. കെട്ടിവെച്ച കാശ് പോയെന്നും അന്‍വര്‍ പറഞ്ഞു.
പാര്‍ട്ടി ഫണ്ട് കൊടുക്കാത്തതിനാലാണ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാതിരുന്നത് എന്ന് അക്കാലത്തുതന്നെ താന്‍ പരസ്യമായി പ്രതികരിച്ചതാണെന്നും അന്‍വര്‍ പറഞ്ഞു. ശേഷം വെളിയം ഭാര്ഗവന് തനിക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുകയുമുണ്ടായി. മറുപടി തെളിവുകള്‍ സഹിതം നിയമപരമായി കൊടുത്തെങ്കിലും പിന്നെയൊരു അനക്കവും സി.പിഐയില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു.

