കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബുവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്നിലെ കോര്‍ട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കണ്ണൂരില്‍നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്കാണ് നവീന്‍ ബാബു സ്ഥലംമാറിപ്പോകുന്നത്. പത്തനംതിട്ട എ.ഡി.എം. ആയി ചൊവ്വാഴ്ച ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മരണം.
കണ്ണൂരില്‍നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച എ.ഡി.എം നവീന്‍ ബാബുവിന് ഇന്നലെ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നല്കിയ യാത്രയയപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്കാന് എ.ഡി.എം. വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.
യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തിയാണ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്.

