നവീന്‍ ബാബുവിന്റെ മരണം കൊലപാതകത്തിന് തുല്യം; പി.പി. ദിവ്യക്കെതിരെ വി.ഡി സതീശന്‍

തിരുവനന്തപുരം: യാത്രയയപ്പ് ചടങ്ങില്‍ സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പി പി ദിവ്യ കാണിച്ചത് കൊലപാതകത്തിന് തുല്യമായ സംഭവമാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു., പി.പി. ദിവ്യക്കെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ക്ഷണിക്കപ്പെടാത്ത യാത്രയയപ്പ് ചടങ്ങിലെത്തി സ്ഥലംമാറി പോകുന്ന എ.ഡി.എമ്മിനെതിരെ അപമാനകരമായ പരാമര്‍ശമാണ് വി.വി ദിവ്യ നടത്തിയത്. എ.ഡി.എം അഴിമതിക്കാരനാണെന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തു. ഇത് നവീന്‍ ബാബുവിന്റെ മരണത്തില്‍ കലാശിച്ചു. കൊലപാതകത്തിന് തുല്യമായ സംഭവമാണിത്.

നവീന്‍ ബാബുവിന്റേത് സി.പി.എം കുടുംബമാണ്. സി.പി.എം തൊഴിലാളി സംഘടനയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനയിലെ ആളുകള്‍ പോലും പറയുന്നില്ല. മനഃപൂര്‍വം വ്യക്തിവിരോധം തീര്‍ക്കുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയ്തത്.സതീശന്‍ പറഞ്ഞു.

പത്തനംതിട്ടയില്‍ എത്തുന്ന നവീന്‍ ബാബുവിനെ സ്വീകരിക്കാന്‍ കാത്തുനിന്ന ബന്ധുക്കള്‍ അറിഞ്ഞത് മരണവാര്‍ത്തയാണ്. അധികാരം എത്രമാത്രം ദുരുപയോഗപ്പെടുത്താമെന്നും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ആരെയും അപമാനിക്കാമെന്നതും കേരളത്തിന് ഒട്ടും ഭൂഷണമല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *