കണ്ണൂര്‍: പെട്രോള്‍ പമ്പ് അനുവദിക്കാന്‍ കണ്ണൂര്‍ എഡിഎമ്മായ നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ പ്രശാന്ത്. പെട്രോള്‍ പമ്പിന്റെ അനുമതിക്ക് വേണ്ടി നവീന്‍ ബാബുവിന് അപേക്ഷ നല്‍കിയെങ്കിലും ആറ് മാസത്തോളം ഫയല്‍ പഠിക്കട്ടെ എന്ന് പറഞ്ഞ് വൈകിപ്പിച്ചുവെന്നും പിന്നീട് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പണം ആവശ്യപ്പെട്ടു എന്നുമാണ് പ്രശാന്തിന്റെ ആരോപണം.
ചേരന്മൂല നിടുവാലൂരില്‍ പെട്രോള്‍ പമ്പ് അനുവദിക്കാനാണ് നവീന്‍ ബാബുവിന് പണം നല്‍കിയത്. ഒക്ടോബര്‍ ആറിന് അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്ക് വിളിച്ച് വരുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. തന്റെ കയ്യില്‍ ഉള്ള പണവും മറ്റുള്ളവരില്‍ നിന്നും വാങ്ങിയതും ചേര്‍ത്ത് 98500 രൂപ നവീന്‍ ബാബുവിന് ഒക്ടോബര്‍ ആറിന് തന്നെ നല്‍കിയെന്നും പ്രശാന്ത് പറയുന്നു.
ഈ വിഷയത്തില്‍ നേരത്തെ തന്നെ പി.പി ദിവ്യയോട് പരാതി പറഞ്ഞതിനാല്‍ കൈക്കൂലി വാങ്ങിയ കാര്യവും ദിവ്യയോട് പറഞ്ഞു എന്നും ദിവ്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടെന്നും പ്രശാന്ത് പറഞ്ഞു.പരാതി നല്‍കിയതോടെ വിഷയം അവസാനിച്ചെന്നാണ് കരുതിയത്. ദിവ്യ ഒരു വേദിയില്‍ ഇക്കാര്യം പറയുമെന്നോ ഇങ്ങനെ സംഭവിക്കും എന്നോ കരുതിയില്ലെന്നും പ്രശാന്ത് വ്യക്തമാക്കി.

