കൊച്ചി: നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് ഹൈക്കോടതി. മുനീര്‍, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം, സമദ് അബ്ദുള്‍ സമദ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. വിചാരണ കോടതി വെറുതെവിട്ട പ്രതികള്‍ക്കാണ് ഇപ്പോള്‍ ഹൈക്കോടതി ജീവപര്യന്തം വിധിച്ചിരിക്കുന്നത്.
കേസിലെ പ്രതികള്‍ വിവിധ വകുപ്പുകളിലായി അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ തുക ഷിബിന്റെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
ഈ വിധി സമൂഹത്തിന് ഒരു സന്ദേശമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷ പ്രഖ്യാപിച്ചത്.
2015 ജനുവരി 22-നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. രാഷ്ട്രീവും വര്‍ഗീയവുമായ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്.

