തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസില്‍ വിശദീകരണവുമായി നടന്‍ ബൈജു. മദ്യപിച്ചെന്ന ആരോപണം ബൈജു നിഷേധിച്ചു . ടയര്‍ പഞ്ചറായപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് അപകടമുണ്ടായെന്നാണ് വിശദീകരണം. തന്റെ ഭാഗത്ത് നിന്ന് അഹങ്കാരത്തോടെയുള്ള സംസാരം ഉണ്ടായെങ്കില്‍ മാപ്പ് ചോദിക്കുന്നതായും ബൈജു ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.
ബൈജുവിന്റെ വാക്കുകള്‍;
”നമസ്‌കാരം, ഞായറാഴ്ചത്തെ എന്റെ ആക്സിഡന്റുമായി ബന്ധപ്പെട്ട് ചില ധാരണകളും തെറ്റിദ്ധാരണകളുമൊക്കെ സോഷ്യല്‍ മീഡിയ വഴി പരക്കുകയുണ്ടായി. ഇതിന്റെ യഥാര്‍ത്ഥ സംഗതി എന്താണെന്ന് കൂടി പൊതുസമൂഹം അറിഞ്ഞിരിക്കേണ്ടത് അല്ലെങ്കില്‍ അറിയിക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്തമാണ്. ഞായറാഴ്ച കവടിയാര്‍ ഭാഗത്ത് നിന്ന് ഞാന്‍ വെള്ളയമ്പലത്തേക്ക് വരികയായിരുന്നു. 65 കിലോമീറ്റര്‍ സ്പീഡുണ്ടാകാം. വെള്ളയമ്പലം ഭാഗത്ത് നിന്ന് മ്യൂസിയത്തേക്ക് പോകാനായിരുന്നു എന്റെ പ്‌ളാന്‍. പക്ഷേ, വെള്ളയമ്പലം ജംഗ്ക്ഷന്‍ എത്താറായപ്പോഴേക്കും ഫ്രണ്ട് ടയര്‍ വെടി കേട്ടു. എന്റെ കൈയില്‍ നിന്ന് വണ്ടിയുടെ കണ്‍ട്രോള്‍ പോയി. തിരിക്കാന്‍ നോക്കിയപ്പോള്‍ വണ്ടി തിരിഞ്ഞില്ല. അങ്ങനെയാണ് ഒരു സ്‌കൂട്ടറുകാരന്റെ ദേഹത്ത് തട്ടിയത്. അപ്പോള്‍ തന്നെ ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി, ചെറുപ്പക്കാരനെ പിടിച്ചിരുത്തി ഹോസ്പിറ്റലില്‍ പോണോ എന്നൊക്കെ ചോദിച്ചു. അയാള്‍ പോകണ്ട എന്നു പറഞ്ഞു. പിന്നെ അറിയാന്‍ കഴിഞ്ഞത് അയാള്‍ക്ക് ഒടിവോ, ചതവോ, മുറിവോ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നാണ്. കൂടാതെ, പരാതി ഒന്നും ഇല്ലെന്ന് അയാള്‍ ഇന്നലെ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിട്ടുണ്ട്. പൊലീസുകാര്‍ ഒരുവിധത്തിലും എന്നെ സഹായിച്ചിട്ടുമില്ല. എന്റെ ഭാഗത്തു നിന്നും ഉണ്ടായ മിസ്റ്റേക്കിന് അവര്‍ കേസെടുത്തിട്ടുണ്ട്.
ഞാന്‍ മദ്യ ലഹരിയിലായിരുന്നു എന്നൊക്കെ പറയുന്നുണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍. അങ്ങനെ ഒക്കെ വരും എന്തായാലും. പൊടിപ്പും തൊങ്ങലുമൊക്കെയുണ്ടെങ്കിലല്ലേ ഇത് വായിക്കൂ. അങ്ങനെ അതിന്റെ ഭാഗമായിട്ട് വന്നതാണ്.
അതുപോലെ എന്നോടൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നു, പെണ്‍കുട്ടി ഉണ്ടായിരുന്നു എന്നൊക്കെയുള്ള വാര്‍ത്തകള്‍ ഇതിന്റെ കൂടെ വന്നിട്ടുണ്ട്. അത് മറ്റാരുമല്ല, എന്റെ സ്വന്തം വല്യമ്മയുടെ മകളുടെ മകളാണ് എന്നോടൊപ്പം ഉണ്ടായിരുന്നത്. എന്റെ മകളുടെ അതേ പ്രായം തന്നെയുള്ളൂ അവള്‍ക്കും. കൂടാതെ, യുകെയില്‍ നിന്ന് വന്ന എന്റെ ഫ്രണ്ട് ജോമിയും ഉണ്ടായിരുന്നു. എന്റെ ഭാഗത്തുനിന്ന് അഹങ്കാരമായിട്ടുള്ള സംസാരം ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പുചോദിക്കുന്നു. എന്നെ സ്‌നേഹിക്കുന്നവര്‍ എന്നെ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

