പി.പി. ദിവ്യ കാട്ടിയത് അതിക്രൂരമായ പ്രവര്‍ത്തി, ക്രിമിനല്‍ കുറ്റത്തിന് അര്‍ഹ; കെ.സുധാകരന്‍

പത്തനംതിട്ട: കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാട്ടിയത് അതിക്രൂരമായ പ്രവര്‍ത്തിയാണ്. കൊലപാതകിയാണ് അവര്‍ എന്ന് പറയേണ്ടിവരും. മുഴുവന്‍ ആളുകള്‍ക്കും നല്ലസേവനം നല്‍കിയ ഒരു ഉദ്യോഗസ്ഥന്റെ ജീവന്‍ നഷ്ടപ്പെടുത്തിയ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ക്രിമിനല്‍ കുറ്റത്തിന് അര്‍ഹയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.പത്തനംതിട്ട മലയാലപ്പുഴയിലെ നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ എ.ഡി.എമ്മായി വന്നകാലം മുതല്‍ പലകാര്യങ്ങള്‍ക്കായി അദ്ദേഹവുമായി ബന്ധപ്പെടാറുണ്ടായിരുന്നു. ഒരുപാട് ഉദ്യോഗസ്ഥരെ വിളിക്കാറുണ്ടെങ്കിലും നവീന്‍ ബാബുവില്‍നിന്ന് കിട്ടിയ സ്നേഹം മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായിട്ടില്ല. ഒരു ഫയല്‍ അല്‍പ്പം വൈകുന്നുണ്ടെങ്കില്‍ അതിന്റെ കാരണം ഞാന്‍ ചോദിക്കുകപോലും ചെയ്യാതെ എന്നെ വിളിച്ച് അറിയിക്കുമായിരുന്നു. എല്ലാ കാര്യങ്ങളും സത്യസന്ധമായി ചെയ്ത് ഞങ്ങളുടെ മനസില്‍ ഇടംനേടിയ വ്യക്തിയാണ് അദ്ദേഹമെന്ന് സുധാകരന്‍ പറഞ്ഞു.

ഈ ആത്മഹത്യയുടെ പിന്നിലെ പ്രേരണ ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ അപവാദപ്രചരണമാണ്. ഇക്കാര്യത്തില്‍ പോലീസിന്റെ നടപടി സത്യസന്ധമല്ലെങ്കില്‍ മറ്റ് നിയമനടപടികളിലേക്ക് ഞങ്ങള്‍ പോകും.പ്രതിഷേധ പരിപാടികള്‍ക്ക് പുറമെ, കേസുമായി കോടതിയെ സമീപിക്കാനും ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *