പാലക്കാട്: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ പി പി ദിവ്യയുടെ ഭര്‍ത്താവ്, പി ശശിയുടെ ബിനാമിയെന്ന് പി വി അന്‍വര്‍ എംഎല്‍എ.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് വിവിധ ജില്ലകളില്‍ നിരവധി പെട്രോള്‍ പമ്പുകള്‍ ബിനാമികളുടെ പേരിലുണ്ട്. അതിലൊരു ബിനാമിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ്.
നവീന്‍ ബാബു തന്നെയാണ് കണ്ണൂരില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറയുന്നത്. അദ്ദേഹം സ്ഥലം മാറി പോകുന്ന ഘട്ടത്തിലാണ് എ.ഡി.എമ്മിന് ഒരു പണി കൊടുക്കണമെന്ന് ശശി ആലോചിക്കുന്നത്’. ഇങ്ങനെയൊരു കൈക്കൂലിക്കാരനാണ് ഈ ജില്ലയിലേക്ക് ട്രാന്‍സ്ഫറായി വരുന്നതെന്ന് പൊതുസമൂഹത്തെ അറിയിക്കാനാണ് ദിവ്യയെ ശശി ഉപയോഗിച്ചതെന്നും പി.വി അന്‍വര്‍ ആരോപിച്ചു.എ.ഡി.എം. സത്യസന്ധനായിരുന്നെന്നും അദ്ദേഹം പി. ശശിയുടെ ഇടപെടലുകളെ എതിര്‍ത്തിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
കൃത്യമായ അന്വേഷണമല്ല ഇപ്പോള്‍ നടക്കുന്നത്, എഡിഎം അഴിമതിക്കാരനെന്ന് പറഞ്ഞ് നേരത്തെ പരാതി ലഭിച്ചതായി കൃത്രിമ രേഖയുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നത്. സര്‍ക്കാരിനും സിപിഐഎമ്മിനുമാണ് ഇതിന് ഉത്തരവാദിത്തമെന്ന് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
ഒരുപാട് മാനസികപീഡനങ്ങള്‍ക്ക് ഇരയായി എ.ഡി.എം മരിച്ചിരിക്കുന്നു. ഏത് സാഹചര്യത്തിലാണ് അദ്ദേഹം മരണത്തിലേക്ക് പോയതെന്ന് പഠിക്കേണ്ടിയിരിക്കുന്നുവെന്നും അന്‍വര്‍.

