ഇടുക്കി: കൈവശമുള്ള കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി അന്വേഷിച്ച് വിദ്യാര്‍ഥികളുടെ സംഘം എത്തിയത് അടിമാലി എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസില്‍. ഓഫീസ് പരിസരത്ത് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കണ്ട് വര്‍ക്ക് ഷോപ്പാണെന്ന് കരുതിയാണ് സംഘം കയറിയത്. എന്നാല്‍, മുറിക്കുള്ളില്‍ യൂനിഫോമില്‍ ഉദ്യോഗസ്ഥരെ കണ്ടതോടെ ഇവര്‍ ഓടാന്‍ ശ്രമിച്ചെങ്കിലും പിടിയിലായി.
വിനോദയാത്രക്കെത്തിയ വിദ്യാര്‍ഥി സംഘമാണ് പിടിയിലായത്. തൃശൂരിലെ സ്കൂളില്‍നിന്ന് മൂന്നാറിലേക്ക് വിനോദയാത്രക്കെത്തിയതായിരുന്നു ഇവര്‍. വിദ്യാര്‍ത്ഥികളില്‍ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്ത്. ഒരാളില്‍നിന്ന് അഞ്ച് ഗ്രാം കഞ്ചാവും മറ്റൊരാളില്‍നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. വിവരം അധ്യാപകരെയും മാതാപിതാക്കളെയും അറിയിച്ചു. ലഹരിവസ്തുക്കള്‍ കൈവശം വെച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. മറ്റുള്ളവര്‍ക്ക് കൗണ്‍സിലിങ്ങും നല്കി.

