ബംഗളൂരുവില്‍ കനത്തമഴ; കെട്ടിടം തകര്‍ന്ന് 5 മരണം; സ്‌കൂളുകള്‍ക്ക് അവധി

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ കനത്ത മഴ തുടരുന്നു. ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയെത്തി തിരച്ചില്‍ തുടരുകയാണ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.

രണ്ടുദിവസമായി ശക്തമായ മഴയാണ് ബംഗളൂരുവില്‍. ദേവനഹള്ളി, കോറമംഗല, സഹകര്‍നഗര്‍, യെലഹങ്ക, ഹെബ്ബാള്‍, എച്ച്.എസ്.ആര്‍. ലേഔട്ട്, ബി.ഇ.എല്‍. റോഡ്, ആര്‍.ആര്‍. നഗര്‍, വസന്തനഗര്‍ തുടങ്ങിയ ഭാഗങ്ങളില്‍ മഴ അതിരൂക്ഷമായിരുന്നു.

കനത്ത മഴ തുടരുന്നതിനാല്‍ ഇന്നും ബെംഗളൂരുവിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം കോളേജുകള്‍ പ്രവര്‍ത്തിക്കുമെന്ന് ബെംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ജി. ജഗദീശ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

രണ്ടുദിവസംകൂടി ബംഗളൂരുവില്‍ മഴതുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *