കല്‍പ്പറ്റ: വയനാട്ടുകാര്‍ക്ക് വേണ്ടി പോരാടുമെന്നും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പില്‍ ആദ്യമായി തനിക്ക് വേണ്ടി പിന്തുണ തേടുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.സത്യത്തിനും നീതിക്കും തുല്യതയ്ക്ക് വേണ്ടിയാണ് നമ്മള് ഇന്ന് പോരാടുന്നതെന്നും പ്രിയങ്ക പറഞ്ഞു.
എന്റെ മാതാവിനും സഹോദരനും സഹപ്രവര്ത്തകര്ക്കുവേണ്ടിയും പ്രചാരണം നടത്തിയിട്ട് 35 വര്‍ഷത്തോളമായി. എന്നാല്‍ ആദ്യമായിട്ടാണ് എനിക്ക് വേണ്ടി നിങ്ങളുടെ പിന്തുണ ചോദിച്ച് പ്രചാരണത്തിനെത്തുന്നത്. ഇത് വ്യത്യസ്തമായ അനുഭവമാണ്. വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അവസരം തന്നതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടും നന്ദി പറയുന്നു.
നിങ്ങളാണ് എന്റെ കുടുംബം. നിങ്ങളുടെ പ്രശ്നത്തിലെല്ലാം താനുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മുണ്ടക്കൈ ഉരുള്‍പ്പൊട്ടലിനെ അനുസ്മരിച്ച പ്രിയങ്ക ഗാന്ധി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ കണ്ടുവെന്നും പറഞ്ഞു. ദുരന്തത്തെ നേരിട്ട വയനാട്ടുകാരുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

