തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുപോലെയുള്ള ദുരന്തം ഉണ്ടാകാതിരിക്കട്ടെയെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാം ജനസേവകരാണെന്ന അടിസ്ഥാന ബോധത്തില്‍ കാര്യങ്ങള്‍ ചെയ്യണം. മാനുഷിക മുഖത്തോടുകൂടി സേവനങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി പി ദിവ്യയെ സിപിഐഎം സംരക്ഷിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ നിലനില്‍ക്കെയാണ് പൊതുവേദിയില്‍ പി പി ദിവ്യയെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

