കെ.കരുണാകരന്റെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ച് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.സരിന്‍

തൃശൂര്‍: ഉപതെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായി കെ. കരുണാകരന്റെയും പത്നി കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതിമന്ദിരങ്ങള്‍ സന്ദര്‍ശിച്ച് പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി പി.സരിന്‍. മണ്ഡപത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തി.

രാവിലെ എട്ടരയോടെയാണ് സ്മൃതിമണ്ഡപത്തില്‍ സന്ദര്‍ശനത്തിനായി സരിന്‍ എത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുമുമ്പ് ചെയ്തുവരുന്ന കീഴ്വഴക്കമാണ് സരിന്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

സ്വാഭാവികമായും കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയ ഒരാള്‍, ഉള്ളില്‍ ഇപ്പോഴും കോണ്‍ഗ്രസ്സുകാരനുണ്ട് എന്ന് തുറന്ന് സമ്മതിക്കുന്നതിന് ഒരു മടിയില്ലാത്ത ഒരാള്‍ക്ക് ലീഡറുടെയും പ്രിയപത്നി കല്യാണിക്കുട്ടിയമ്മയുടെയും അടുത്ത് എത്തുന്നതില്‍ യാതൊരു തടസ്സവുമില്ല എന്നാണ് എനിക്ക് ബോധ്യമായത്. ഇവിടെ സന്ദര്‍ശിക്കണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ ഇവിടേക്ക് വരുന്നതില്‍ നിന്ന് എന്നെയാരും തടഞ്ഞില്ല, വരരുത് എന്ന് പറഞ്ഞില്ല, സരിന്‍ പറഞ്ഞു.

ഇന്ന് ഞാന്‍ നോമിനേഷന്‍ കൊടുക്കുകയാണ്. അതിനുമുന്നേ ഇവിടെ എത്തുക എന്നത് ഒരു ഉള്‍വിളി പോലെ സംഭവിച്ച കാര്യമാണ്. രാവിലെയാണ് അത് തീരുമാനിച്ചത്. അതിന് മാനസികമായിട്ടുള്ള എല്ലാ പിന്തുണയും ലഭിച്ചു.’ -സരിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *