പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസില്‍ കുറ്റക്കാര്‍ക്കുള്ള ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു.ഹരിതയുടെ അമ്മാവന്‍ സുരേഷ് ഒന്നാം പ്രതിയും അച്ഛന്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്.
ഇവര്‍ക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ഇന്ന് കേസ് പരിഗണിച്ച കോടതി ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റി.
2020 ഡിസംബര്‍ 25ന് വൈകീട്ട് ആറോടെ മാനാംകുളമ്പ് സ്‌കൂളിനു സമീപത്താണ് അനീഷിനെ ഭാര്യാപിതാവ് പ്രഭുകുമാറും അമ്മാവന്‍ സുരേഷും വെട്ടിക്കൊലപ്പെടുത്തിയത്. തമിഴ് പിള്ള സമുദായാംഗമായ ഹരിതയും കൊല്ല സമുദായാംഗമായ അനീഷും തമ്മിലുള്ള പ്രണയവിവാഹം കഴിഞ്ഞ് മൂന്നു മാസം തികയവേ ആയിരുന്നു കൊലപാതകം. ജാതിയിലും സമ്പത്തിലും താഴ്ന്ന നിലയിലുള്ള അനീഷ് മകളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിന് കാരണമായത്.

