മലപ്പുറം: കോഴ വിവരം മറച്ചുവച്ച മുഖ്യമന്ത്രിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാരെ സംഘ്പരിവാര്‍ മുന്നണിയിലേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചത് അറിഞ്ഞിട്ടും അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയാറാകാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഇടതു മുന്നണിയിലെ ഒരു എം.എല്‍.എ മറ്റു രണ്ട് എം.എല്‍.എമാര്‍ക്ക് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് സംഘ്പരിവാര്‍ മുന്നണിയിലേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി അനങ്ങിയില്ല. പൊയ്ക്കോട്ടെന്നു കരുതിയാണോ മിണ്ടാതിരിക്കുന്നത്. സ്വന്തക്കാരെ സംരക്ഷിക്കാനും ചേര്‍ത്തു നിര്‍ത്താനും മുഖ്യമന്ത്രി എല്ലാവര്ക്കും കുടപിടിച്ചു കൊടുക്കുന്നു. അന്വേഷണം നടത്തേണ്ടത് സര്‍ക്കാരാണ്. കോഴ സംബന്ധിച്ച് ആദ്യം വിവരം കിട്ടിയ മുഖ്യമന്ത്രി അത് ഒളിച്ചുവച്ചു. കോഴ വിവരം പൊലീസിലേക്ക് കൈമാറാതെ ഒളിച്ചു വച്ച മുഖ്യമന്ത്രിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

