പാലക്കാട്: സി.പി.എം. നേതാവ് എന്‍.എന്‍.കൃഷ്ണദാസ് മാധ്യമങ്ങള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് നല്ല വിമര്‍ശനത്തിന് അടിസ്ഥാനമെന്ന് എം.വി. ഗോവിന്ദന് വ്യക്തമാക്കി. നല്ല വിമര്‍ശനങ്ങള്‍ക്ക് നല്ല ഭാഷ ഉപയോഗിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എത്ര ശക്തമായ വിമര്‍ശനവും സുന്ദരമായ ഭാഷ ഉപയോഗിച്ച് നടത്താന്‍ സാധിക്കുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഭാഷയില്‍ തന്നെയാണ് മാധ്യമങ്ങള്‍ക്ക് വിമര്‍ശനമുണ്ടായത്. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തികള്‍ക്ക് നിങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഓരോ പദപ്രയോഗങ്ങളാണ് ഇതൊക്കെയെന്നും എം.വി. ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു.
ഏരിയ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജിവെച്ചതുമായി ബന്ധപ്പെട്ട പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരെയാണ് സി.പി.എം നേതാവ് എന്‍.എന്‍. കൃഷ്ണദാസ് അധിക്ഷേപിച്ചത്. ”ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാം. മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പറയേണ്ട ആവശ്യമില്ല. നിങ്ങള്‍ കഴുകന്മാരെപ്പോലെ നടക്കുകയല്ലേ. ആരോട് ചര്‍ച്ച നടത്തിയെന്ന കാര്യം മാധ്യമങ്ങളോട് പറയേണ്ടതില്ല. എല്ലാവരോടും സംസാരിക്കുന്നതു പോലെ തന്നോട് സംസാരിക്കരുത്. കോലുംകൊണ്ട് തന്റെ മുന്നിലേക്കു വരേണ്ടെന്നും മാറാന്‍ പറഞ്ഞാല്‍ മാറിക്കൊള്ളണം”
”സി.പി.എമ്മില്‍ പൊട്ടിത്തെറിയെന്ന് പറഞ്ഞവര്‍ ലജ്ജിച്ച് തല താഴ്ത്തുക. രാവിലെ മുതല്‍ ഇപ്പോഴും ഇറച്ചിക്കടക്കു മുന്നില്‍ പട്ടികള്‍ എന്നപോലെ ഷുക്കൂറിന്റെ വീടിനു മുന്നില്‍ കാത്തുനിന്നവര്‍ തലതാഴ്ത്തുക”.എന്നായിരുന്നു കൃഷ്ണദാസിന്റെ പരാമര്‍ശം.

