താന്‍ കൊണ്ടുവന്ന പല പദ്ധതികളും മന്ത്രി റിയാസ് അട്ടിമറിച്ചു ; കാരാട്ട് റസാഖ്

തിരുവനന്തപുരം: സി.പി.ഐ.എം പാര്‍ട്ടിക്കെതിരെയും മന്ത്രി മുഹമ്മദ് റിയാസിനെതിരെയും വീണ്ടും ആരോപങ്ങളുമായി കാരാട്ട് റസാഖ് രംഗത്തെത്തി. താന്‍ കൊണ്ടുവന്ന പല പദ്ധതികളും മന്ത്രി റിയാസ് അട്ടിമറിച്ചെന്നും പാര്‍ട്ടി തന്റെ പരാതികളെ നിരന്തരം അവഗണിച്ചെന്നും റസാഖ് മാധ്യമങ്ങളോട് പറഞ്ഞു


മന്ത്രി എന്ന നിലയില്‍ മുഹമ്മദ് റിയാസിന്റെ നിലപാടുകളോട് യോജിക്കാന്‍ കഴിയില്ല. ഈ വിഷയത്തില്‍ നിരവധി പരാതികളാണ് പാര്‍ട്ടിക്ക് നല്‍കിയത്. എന്നാല്‍ ഒന്നിനും മറുപടി ലഭിച്ചില്ല. പാര്‍ട്ടി പരിഹരിച്ചില്ലെങ്കില്‍ ഇടതുപക്ഷവുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ടി വരുമെന്നും മറുപടി പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് പാര്‍ട്ടി പോകരുതെന്നും കാരാട്ട് റസാഖ് മുന്നറിയിപ്പ് നല്‍കി. മുഹമ്മദ് റിയാസിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പാര്‍ട്ടിക്ക് കഴിയാത്തത് റിയാസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നതു കൊണ്ടാവാമെന്നും റസാഖ് ആരോപിച്ചു.

മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് സ്ഥാനം കാരാട്ട് റസാഖിനായിരുന്നു. കാരാട്ട് റസാഖിനെ നീക്കിയേക്കുമെന്ന സൂചന എല്‍ഡിഎഫ് നല്‍കിയിരുന്നു. പി വി അന്‍വര്‍ എംഎല്‍എയുമായി കാരാട്ട് റസാഖ് കൂടിക്കാഴ്ച നടത്തിയതോടെയാണ് ഈ നീക്കം. റസാഖിനോട് സ്വയം രാജിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായാണ് സൂചന. എന്നാല്‍ പാര്‍ട്ടി നീക്കം ചെയ്യട്ടെ എന്ന നിലപാടിലാണ് കാരാട്ട് റസാഖ് ഇപ്പോളുള്ളത്.

കഴിഞ്ഞ ദിവസം ചേലക്കരയില്‍ വെച്ച് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം അന്‍വറിന്റെ ഡി.എം.കെ പാര്‍ട്ടിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും സൂചിപ്പിച്ചു. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനും സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *