തിരുവനന്തപുരം: വിവാദമായ തൃശ്ശൂര്‍പൂരം കലക്കല്‍ ആരോപണത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണ്. അലങ്കോലപ്പെടുത്താന്‍ ശ്രമം ഉണ്ടായെങ്കിലും അലങ്കോലപ്പെട്ടെന്നത് സംഘപരിവാര്‍ വാദമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രതിപക്ഷം ഇതിന് കൂട്ടു നില്‍ക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
പൂരം കലങ്ങി എന്ന് സ്ഥാപിക്കാന്‍ യുഡിഎഫിന് താല്‍പര്യമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രതിപക്ഷം സംഘപരിവാറിന്റെ ബി ടീം ആയി കളിക്കുന്നു. പൂരാഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും പരിശോധിക്കപ്പെടുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഉദ്യോഗതലത്തില്‍ വീഴ്ചയുണ്ടെങ്കില്‍ നടപടി ഉണ്ടാകും. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും. പ്രതിപക്ഷത്തിന്റേത് പൂരം കലങ്ങി എന്ന് സ്ഥാപിച്ച് നേട്ടം കൊയ്യാനുള്ള ശ്രമമാണെന്നും പ്രതിപക്ഷത്തിനും ബിജെപിക്കും ഒരേ ലക്ഷ്യമാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പൂരവും അതുപോലുള്ള ഉത്സവങ്ങളും വര്‍ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള താല്പര്യം സംഘപരിവാറിന്റേതാണ്. അത്തരം കുത്സിത നീക്കങ്ങള്‍ രാഷ്ട്രീയമായി തുറന്നുകാട്ടാനും തടയാനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനുപകരം സംഘപരിവാറിന്റെ അതേ ലക്ഷ്യത്തോടെ പൂരം കലങ്ങി എന്ന് സ്ഥാപിച്ച് നേട്ടം കൊയ്യാനുള്ള കുടില നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. അവ തുറന്നുകാട്ടുമ്പോള്‍ അസഹിഷ്ണുതയോടെ പൂരം കലങ്ങി എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് സംഘപരിവാറിന്റെ ബി ടീമായി കളിക്കുന്നതുകൊണ്ടാണ്. പൂരം കലക്കണം എന്നത് സംഘപരിവാറിന്റെ താല്‍പര്യം ആയിരുന്നു. കലങ്ങി എന്ന് സ്ഥാപിക്കാനുള്ളത് യുഡിഎഫിന്റെ താല്പര്യമായി മാറിയിരിക്കുന്നു. ഇതിന് രണ്ടിനോടും ഒപ്പമല്ല പൂര പ്രേമികളും ജനങ്ങളാകെയുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സംഭവിച്ചതിന്റെയെല്ലാം കാരണങ്ങള്‍ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കവേ പൂരം ആകെ അട്ടിമറിക്കപ്പെട്ടു എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത എന്തിനാണ് പ്രതിപക്ഷത്തിന് ഉണ്ടാവുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ ചോദിക്കുന്നുണ്ട്.

