കണ്ണൂര്‍: എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയില്‍ പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങള്‍. എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചെന്ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ പറയുന്നു. സാധാരണ ജാമ്യം പോലും ലഭിക്കാന്‍ പറ്റാത്ത ഗുരുതരമായ കേസാണിതെന്ന് കോടതി പറഞ്ഞു.
ആസൂത്രിതമായാണ് ദിവ്യ തന്നെ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്.ദിവ്യയുടെ നടപടി അപക്വമെന്നും കോടതി പറഞ്ഞു. ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശമാകുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
കുടുംബത്തിലെ ഉത്തരവാദിത്തം ജാമ്യം നല്‍കാന്‍ കാരണമല്ല. ക്ഷണിക്കാതെയാണ് ദിവ്യ പരിപാടിയില്‍ പങ്കെടുത്തതെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പ്രതി ഭാഗം ഹാജരാക്കിയ സിഡിയില്‍ പ്രസംഗം ഭാഗികമായി മറച്ചുവെച്ചെന്ന വാദവും കോടതി അംഗീകരിച്ചെന്ന് 38 പേജ് ഉള്ള വിധിപ്പകര്‍പ്പില്‍ വ്യക്തമാകുന്നു.

