തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരായ കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി.
മേയറും കെ.എസ്.ആര്‍.ടി.സി. ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. തിരുവനന്തപുരം സി.ജെ.എം. കോടതിയുടേതാണ് നടപടി.
സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണമെന്നും സത്യസന്ധമായ അന്വേഷണം നടക്കണം, സാക്ഷികളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിക്കണം, സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണം എന്നീ നിര്‍ദേശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനോട് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടു.
മേയര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസില്‍ നല്‍കിയ പരാതിയില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന് കോടതിയെ ബോധിപ്പിച്ച യദു തനിക്കെതിരെ മേയര്‍ കൊടുത്ത പരാതിയില്‍ പൊലീസ് അതിവേഗം നടപടികള്‍ സ്വീകരിക്കുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ട് യദു തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. അന്വേഷണം തൃപ്തികരമായി മുന്നോട്ട് പോവുകയാണെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

