മുംബൈ: കുപ്രസിദ്ധ അധോലക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയിയെ യുഎസില്‍ നിന്നും തിരിച്ചുകൊണ്ടുവരാനുള്ള നിയമനടപടികള്‍ ആരംഭിച്ചതായി മുംബൈ പോലീസ്. നടന് സല്മാന് ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസിന്റെ പ്രധാന സൂത്രധാരനാണ് അന്മോല് ബിഷ്ണോയ്.
തുടര്‍നടപടികള്‍ ആരംഭിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ട രേഖകള്‍ തയ്യാറാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യയുടെ നോഡല്‍ ഏജന്‍സിയായ സി.ബി.ഐ വഴിയാണ് അഭ്യര്‍ഥന നടത്തുക.
ലോറന്‍സ് ബിഷ്ണോയ് അറസ്റ്റിലായ സാഹചര്യത്തില്‍ ഇവരുടെ അധോലോക സംഘത്തിന്റെ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് അന്മോല് ബിഷ്ണോയ് ആണെന്നാണ് വിവരം. ബാബ സിദ്ദിഖിയുടെ കൊലപാതകം അടക്കം ഈ സമയങ്ങളില്‍ നടന്ന അക്രമസംഭവങ്ങളുടെ എല്ലാം സൂത്രധാരന്‍ അന്മോലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

