തൃശൂര്‍: കേരള രാഷ്ട്രീയത്തില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുകയാണെന്നും ആരു വിചാരിച്ചാലും അത് സാധിക്കില്ലെന്നും ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. കൊടകര കുഴല്‍പ്പണക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബി.ജെ.പി മുന്‍ തൃശൂര്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന് പിന്നില്‍ താന്‍ ആണെന്നാണ് പ്രചാരണം. എന്ത് അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ ഇത് പറയുന്നത്? തനിക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുകയാണെന്നും ശോഭ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ശോഭാ സുരേന്ദ്രന്‍ എന്ന പൊതുപ്രവര്‍ത്തക കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകരുതെന്ന് ഒന്നാമതായിട്ട് ആഗ്രഹിക്കുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. രണ്ടാമത് ഗോകുലം ഗോപാലന്‍. മൂന്നാമതായി ആഗ്രഹിക്കുന്നത് എന്റെ കൂടെ പാര്‍ട്ടി മാറാന്‍ വേണ്ടി ഡല്‍ഹി വരെ എത്തിയ, രാമനിലയത്തിലെ 101-ാം നമ്പര്‍ മുറിയില്‍ താമസിച്ച, ഇപി ജയരാജനാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ഇല്ലാത്ത ആരോപണങ്ങള്‍ കെട്ടിവെച്ച് കേരള രാഷ്ട്രീയത്തില്‍ നിന്ന് പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് എന്നെ വീട്ടിലേക്ക് വിടാനാണ് ആരുടേയും ശ്രമമെങ്കില്‍ അങ്ങനെ ശ്രമിക്കുന്നവന്റെ മുഖപടം കേരളത്തില്‍ ചീന്തിയെറിഞ്ഞ് കളയാനുള്ള ആവശ്യത്തിനും അത്യാവശ്യത്തിനുമുള്ള ബന്ധങ്ങള്‍ എനിക്കും കേന്ദ്രതലത്തിലുണ്ടെന്നും ശോഭ പറഞ്ഞു.
പ്രത്യേക രാഷ്ട്രീയ നേതാക്കളെ നിലനിര്‍ത്താനും ചില ആളുകളെ ഇല്ലായ്മ ചെയ്യാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

