മുഖ്യമന്ത്രി വിതരണം ചെയ്ത പോലീസ് മെഡലുകളില്‍ ഗുരുതരമായ അക്ഷരത്തെറ്റുകള്‍;തിരിച്ചുവാങ്ങാന്‍ ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്ത പോലീസ് മെഡലുകളില്‍ ഗുരുതരമായ അക്ഷരത്തെറ്റുകള്‍. തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ 264 ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചത്. ഇതില്‍ പകുതിയോളം മെഡലുകളിലും അക്ഷര പിശകുണ്ട്.തുടര്‍ന്ന് അവ തിരിച്ചുവാങ്ങാന്‍ ഡിജിപി ഉത്തരവിട്ടു. തെറ്റുകള്‍ പരിഹരിച്ച് പുതിയത് നല്‍കാനാണ് മെഡലുകളുടെ ടെന്‍ഡര്‍ എടുത്ത സ്ഥാപനത്തിന് നല്‍കിയ നിര്‍ദേശം.

കേരളപ്പിറവി ദിനമായ വെള്ളിയാഴ്ച മുഖ്യമന്ത്രി വിതരണം ചെയ്ത മെഡലുകളില്‍ കാണപ്പെട്ട അക്ഷരതെറ്റുകളാണ് ആഭ്യന്തരവകുപ്പിന് നാണക്കേടായിരിക്കുന്നത് .പകുതിയോളം പേര്‍ക്കും ലഭിച്ചത് വ്യാപകമായി അക്ഷരതെറ്റുകള്‍ അടങ്ങിയ മെഡലുകള്‍ ആയിരുന്നു.

‘മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് ആസ്ഥാനത്ത് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആരോപണമുണ്ട്. മെഡലുകള്‍ പരിശോധിക്കാതെയാണ് വിതരണം ചെയ്തതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *