പാലക്കാട്: കേരളത്തിന്റെ രാഷ്ട്രീയ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്രയും മ്ലേച്ഛമായ സംഭവം ഇതുവരെ കേള്‍ക്കുകയോ കാണുകയോ ചെയ്തിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പോലീസ് നടത്തിയ പരിശോധനയെത്തുടര്‍ന്നുള്ള വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാതിരാ റെയ്ഡ് നാടകം ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണെന്നും പരാജയഭീതിയാണ് അതിന് പിന്നിലെന്നും കെ. സുധാകരന്‍ പറഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാര്‍ രണ്ട് വനിതാ നേതാക്കള്‍ താമസിക്കുന്ന മുറിയില്‍ കയറിച്ചെല്ലാന്‍ ധൈര്യം കാണിച്ചതെന്നും അദ്ദേഹം ചോദിച്ചു. അറിയപ്പെടുന്ന വനിതാ നേതാക്കളാണ് ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും. അവരെ അപമാനിക്കുകയാണ് പൊലീസ് ചെയ്തത്. ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് പൊലീസ് പെരുമാറിയത്.
‘പോലീസുകാരെ മുറിക്കകത്ത് പൂട്ടിയിടണമായിരുന്നു. തോന്നിയതുപോലെ ചെയ്യാന്‍ പോലീസുകാരെ കയറൂരിവിടുന്ന ഭരണകൂടത്തിനെതിരെയുള്ള പോരാട്ടം അതിശക്തമാക്കാന്‍ പോവുകയാണ്. ഞങ്ങള്‍ സമരമുഖത്ത് കാണും. ഈ പോലീസുദ്യോഗസ്ഥന്മാരുടെ പേരില്‍ നടപടിയെടുക്കണം, നടപടിയെടുപ്പിക്കും. ഇല്ലെങ്കില്‍ കോടതിയില്‍ പോവും. പോലീസുദ്യോഗസ്ഥരെ പരമാവധി ഒരുപാഠം പഠിപ്പിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അന്തസ്സില്ലാത്ത, അഭിമാനമില്ലാത്ത, ആണത്തമില്ലാത്ത തെമ്മാടിത്തമാണ് പോലീസ് കാണിച്ചത്’, കെ. സുധാകരന്‍ പറഞ്ഞു.
പൊലീസ് റെയ്ഡിനെത്തിയപ്പോള്‍ തന്നെ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ സംയുക്തമായി അവിടെയെത്തിയത് ആകസ്മികമല്ല. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നേതാക്കളുടെ മുറികള്‍ പൊലീസ് പരിശോധിച്ചിട്ടില്ല. കള്ളപ്പണം സൂക്ഷിക്കുന്നതും അതിന് കാവല്‍ നില്‍ക്കുന്നതും സി.പി.എമ്മും ബി.ജെ.പിക്കാരുമാണ്. കൊടകര കള്ളപ്പണക്കേസില്‍ ഇരുപാര്‍ട്ടികളും ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്. തെരഞ്ഞെടുപ്പില്‍ ഈ വിഷയം സജീവ ചര്‍ച്ചയായപ്പോള്‍ അതിന് മൂടപടമിടാനുള്ള നാടകം കൂടിയാണ് റെയ്ഡന്നും അദ്ദേഹം പറഞ്ഞു.
മരക്കണ്ടംപോലത്തെ രാമകൃഷ്ണനും ആളുകള്‍ക്കും വായില്‍ തോന്നിയത് പറയാവുന്നതല്ല രാഷ്ട്രീയം. ഓര്‍ത്ത് സംസാരിക്കണമെന്ന് രാമകൃഷ്ണനോട് താക്കീത് ചെയ്യുകയാണ് ഞാന്‍’, എന്നായിരുന്നു അനധികൃത ഇടപാടില്ലെങ്കില്‍ പരിശോധനയെ എന്തിനാണ് എതിര്‍ക്കുന്നത് എന്ന എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെ പ്രതികരണം ചൂണ്ടിക്കാണിച്ചപ്പോള്‍ സുധാകരന്റെ മറുപടി.
