തിരുവനന്തപുരം : പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന കള്ളപ്പണ ആരോപണങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി. പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള കലക്ടറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും, എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുമാണ് കളക്ടറോട് പ്രാഥമിക റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും തുടര്‍ നടപടി.
കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങിയ ഹോട്ടല്‍ മുറിയില്‍ പൊലീസ് അര്‍ധരാത്രി പരിശോധന നടത്തിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പൊലീസ് പരിശോധ നടത്തിയത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെങ്കിലും വലിയൊരു രാഷ്ട്രീയ വിവാദത്തിനാണ് അത് വഴിവെച്ചത്.

